ഒടുവിൽ അനുമതി; രാജസ്ഥാനിൽ ഓഗസ്റ്റ് 14 ന് നിയമസഭ ചേരാൻ ഗവർണറുടെ ഉത്തരവ്

രാജസ്ഥാനിൽ ഗവർണറും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിലുള്ള തർക്കത്തിന് വിരാമം. ഓഗസ്റ്റ് 14 ന് സഭ ചേരാൻ ഗവർണർ കൽരാജ് മിശ്ര ഉത്തരവിട്ടു. സർക്കാർ നൽകിയ നാലാമത്തെ ശുപാർശയിലാണ് ഗവർണറുടെ അനുമതി. തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം കോൺഗ്രസിൽ ലയിച്ച് ബിഎസ്പി എംഎൽഎമാർക്കെതിരെ ബിജെപി നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നിരന്തരമായ ആവശ്യത്തിന് ഒടുവിലാണ് നിയമസഭ ചേരാൻ ഗവർണർ അനുമതി നൽകിയത്. വിശ്വാസവോട്ടെടുപ്പ് അന്നുണ്ടാകും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം സഭ ചേരേണ്ടതെന്നും ഗവർണർ നിർദേശം നൽകി. ജൂലൈ 31ന് സഭ ചേരണമെന്നായിരുന്നു ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടത്. മന്ത്രിസഭ നൽകിയ ശുപാർശ മൂന്നുതവണ ഗവർണർ തള്ളിയിരുന്നു. തുടർന്ന് നാലാമത് നൽകിയ ശുപാർശയിലാണ് 21 ദിവസത്തെ നോട്ടീസ് വേണമെന്ന വ്യവസ്ഥ സർക്കാർ അംഗീകരിച്ചത്. ആദ്യം ശുപാർശ നൽകിയ ജൂലൈ 25 മുതൽ 21 ദിവസം കണക്കാക്കിയാണ് ഓഗസ്റ്റ് 14-ന് നിയമസഭ വിളിക്കാൻ ഗവർണറുടെ അനുമതി ലഭിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ ഗെഹ്‌ലോട്ട് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം.പി പ്രതികരിച്ചു.

അതിനിടെ വിമത എംഎൽഎമാർക്കെതിരെ സ്പീക്കർ സി പി ജോഷി സുപ്രിംകോടതിയിൽ ഹർജി നൽകി. അയോഗ്യത നടപടികൾ സ്വീകരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിം കോടതിയെ വീണ്ടും സമീപിച്ചത്. കൂടാതെ കോൺഗ്രസിൽ ലയിച്ച ബിഎസ്പി എംഎൽഎമാരെ അയോഗ്യരാകണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹർജി ഇന്ന് രാജസ്ഥാൻ ഹൈക്കോടതി 2 മണിക്ക് പരിഗണിക്കും.

Story Highlights Rajastan, Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top