രാജമലയില്‍ പ്രഖ്യാപിച്ചത് ആദ്യഘട്ടത്തിലുള്ള ധനസഹായം ; മുഖ്യമന്ത്രി

PINARAYI VIJAYAN

രാജമലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാര തുക കുറഞ്ഞെന്ന വിമര്‍ശനം തെറ്റിധാരണ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയില്‍ പ്രഖ്യാപിച്ചത് ആദ്യഘട്ടത്തിലുള്ള ധനസഹായം മാത്രമാണെന്നും ദുരന്തത്തിന്റെ വ്യാപ്തിയും നഷ്ടവും മനസിലാക്കിയ ശേഷം ദുരന്തം ബാധിച്ചവരെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ രാജമലയില്‍ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം മാത്രമാണ്. അതോടെ എല്ലാം തീരുകയില്ല. അവിടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതെയുള്ളു. ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ദുരന്തത്തിന്റെ വ്യാപ്തിയും നഷ്ടവും ഇതിന് ശേഷം മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് പോയ ജനതയെ ചേര്‍ത്ത് പിടിക്കേണ്ട അവസ്ഥയാണ് ഇവിടെ വന്ന് ചേര്‍ന്നിട്ടുള്ളത്. സര്‍ക്കാരിന് മുന്നിലുള്ള ഉത്തരവാദിത്വവും ഇതാണ്. അവരുടെ ജീവനോപാധിയും വാസസ്ഥലവും നഷ്ടമായി ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഇതെല്ലം ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. രക്ഷാപ്രവര്‍ത്തനതിന് ശേഷം മാത്രമേ അത്തരം പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുകയുള്ളു. അവരെ സംരക്ഷിക്കുകയും ചെയ്യും അവരുടെ കൂടെ നില്‍ക്കുകയും ചെയ്യും. ഇത് പ്രാരംഭഘട്ടത്തിലുള്ള സഹായം മാത്രമാണ്. തുടര്‍ന്ന് പല കാര്യങ്ങളും ഇതിന്റെ ഭാഗമായി വരും’ മുഖ്യമന്ത്രി പറഞ്ഞു.

രാജമലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാര തുക കുറഞ്ഞെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. രാജമലയില്‍ മരിച്ചവര്‍ക്കും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ആവശ്യപ്പെട്ടു. രാജമലയിലെ തൊഴിലാളികളോട് കാട്ടിയത് അനീതിയാണെന്നും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്നും ബെന്നി ബഹന്നാന്‍ ആവശ്യപ്പെട്ടു. രാജമലയിലും കരിപ്പൂരിലും രണ്ട് നീതിയാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണന്‍ദേവന്‍ കമ്പനിയും നഷ്ടപരിഹാരം നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Story Highlights first phase financial assistance in Rajamala ; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top