കുട്ടിയെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിക്കുകയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റില്‍. സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.
വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്ട്രറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ രഹ്നയെ തൃശൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച സ്രവ പരിശോധന നടത്തും.പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. രഹ്നയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതോടെ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.
Story Highlights – Rahna Fatima surrenders to police