ഇൻസൈഡ് ഔട്ട് ലോഫ്റ്റുകളും അസാമാന്യമായ ക്യാച്ചുകളും; റെയ്ന വിരമിക്കുമ്പോൾ ഒപ്പം കൂട്ടുന്നത്

suresh raina retirement

ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം വന്നതിനു മിനിട്ടുകൾക്ക് ശേഷം മറ്റൊരാൾ കൂടി വിരമിച്ചു, സുരേഷ് റെയ്ന. ഗെയിം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾക്കൊപ്പം വിരമിച്ചതുകൊണ്ട് തന്നെ അയാളുടെ വിരമിക്കൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായില്ല. എന്നാൽ, അങ്ങനെ വിടവാങ്ങേണ്ട ഒരാളല്ല സുരേഷ് റെയ്ന.

കരിയറിൽ ചുരുങ്ങിയത് ഒന്നോ രണ്ടോ വർഷങ്ങൾ ബാക്കി നിൽക്കെയാണ് റെയ്ന പാഡഴിക്കുന്നത്. തൻ്റെ കരിയർ ഷേപ്പ് ചെയ്ത പ്രിയപ്പെട്ട ക്യാപ്റ്റൻ വിരമിക്കുമ്പോൾ ആ ഗെയിം ഇനി തനിക്കും വേണ്ട എന്ന ബാലിശമായ അതിവൈകാരികത കൊണ്ടാണ് അയാൾ വിരമിക്കുന്നതെന്ന് നമുക്ക് വാദിക്കാം. എന്നാൽ, അയാൾ പോകുമ്പോൾ ഒപ്പം കൊണ്ടുപോകുന്ന ചിലതുണ്ട്. നിലവിൽ, മറ്റാർക്കും സാധിക്കാത്ത ചിലതാണ് റെയ്ന ഇന്ത്യൻ ക്രിക്കറ്റിനു നൽകിയത്.

Read Also : എം.എസ്. ധോണിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും

ഇന്ത്യൻ ടീമിൽ എന്നല്ല, ലോക ക്രിക്കറ്റിൽ തന്നെ ഇൻസൈഡ് ഔട്ട് ലോഫ്റ്റുകൾ ഇത്ര മനോഹരമായി കളിക്കുന്ന മറ്റൊരു താരം നിലവിൽ ഉണ്ടോ എന്ന് സംശയമാണ്. മിഡിൽ സ്റ്റമ്പ് ലൈനിലോ, ഓഫ് സ്റ്റമ്പ് ലൈനിലോ ഓഫ് സ്റ്റമ്പിനു പുറത്തോ വരുന്ന ഡെലിവറികളെ നീണ്ട ഒരു സ്ട്രൈഡിൽ കോരിയെടുത്ത് ഉയർന്ന ഫോളോ ത്രൂവോടെ ഡീപ് എക്സ്ട്രാ കവർ ബൗണ്ടറിയിലേക്ക് നിക്ഷേപിക്കുന്ന റെയ്ന ഒരിക്കലും മടുക്കാത്ത കാഴ്ചയായിരുന്നു. സ്വന്തം നേട്ടങ്ങളെക്കാൾ ടീം അംഗങ്ങളുടെ നേട്ടങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നതും സുരേഷ് റെയ്ന എന്ന ക്രിക്കറ്ററുടെ സവിശേഷതയായിരുന്നു. ടീം പ്ലെയർ എന്ന ടാഗ് കൃത്യമായി ചേരുന്ന കളിക്കാരൻ. ആദ്യമായി മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും ഈ ഉത്തർപ്രദേശുകാരനാണ്.

എലഗൻ്റായ ലെഫ്റ്റ് ഹാൻഡർ ബാറ്റ്സ്മാൻ എന്നതിലുപരി, ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർ എന്ന വിശേഷണമാണ് റെയ്നയെ ഇന്ത്യൻ ടീമിൽ വേർതിരിച്ചു നിർത്തിയത്. പലപ്പോഴും ഡയറക്ട് ഹിറ്റുകളും അവിശ്വസനീയമായ ക്യാച്ചുകളും ശൂന്യതയിൽ നിന്ന് ഇന്ത്യക്ക് നൽകിയിട്ടുള്ള മുൻതൂക്കം എത്രയോ വലുതായിരുന്നു.

Read Also : ‘വൈകാരികമല്ലാത്ത’ 16 വർഷങ്ങൾ; എംഎസ് ധോണി പാഡഴിക്കുമ്പോൾ

2004 അണ്ടർ-19 ലോകകപ്പ് ആയിരുന്നു തുടക്കം. ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടത്തിനൊടുവിൽ തൊട്ടടുത്ത വർഷം ശ്രീലങ്കക്കെതിരെ ഏകദിന അരങ്ങേറ്റം. എം എസ് ധോണി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആയതിനു പിന്നാലെ റെയ്നക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. 2011 ലോകകപ്പിൽ ആകെ നാല് മത്സരങ്ങളാണ് റെയ്ന കളിച്ചത്. ഓസ്ട്രേലിയക്കെതിരെ ക്വാർട്ടർ ഫൈനലിലും പാകിസ്താനെതിരെ സെമിഫൈനലിലും വളരെ ക്രൂഷ്വലായ രണ്ട് ഇന്നിംഗ്സുകൾ. നിർണായകമായ ഇന്നിംഗ്സുകളിലൂടെ റെയ്ന ഇന്ത്യക്ക് ലോകകപ്പ് നേടി നൽകി എന്ന് അന്നത്തെ പരിശീലകൻ ഗാരി കേഴ്സ്റ്റൺ പറഞ്ഞതു തന്നെയാണ് ആ ഇന്നിംഗ്സുകളുടെ പ്രാധാന്യം.

ഐപിഎൽ പരിഗണിച്ചാൽ, ലീഗ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളെന്ന് നിസ്സംശയം പറയാം. ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ‘ചിന്ന തല’. ഐപിഎലിൽ 5000 റൺസ് തികക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കഴിഞ്ഞ എഡിഷനിലാണ് റെയ്ന കരസ്ഥമാക്കിയത്. ഐപിഎല്ലിൽ ആകെ 5368 റൺസാണ് റെയ്നയുടെ സമ്പാദ്യം. ലീഗിൽ ഏറ്റവുമധികം റൺസ് നേടിയവരിൽ രണ്ടാമതാണ് റെയ്ന.

കണക്കുകൾ അവിടെ നിൽക്കട്ടെ. 33 കാരനായ റെയ്ന പാഡഴിക്കുമ്പോൾ ഒപ്പം കൂട്ടുന്നത് നേരത്തെ പറഞ്ഞ ഇൻസൈഡ് ഔട്ട് ലോഫ്റ്റുകളെയാണ്. അത് തന്നെയാണ് ആത്യന്തികമായി ക്രിക്കറ്റ് പ്രേമികൾ മിസ് ചെയ്യാൻ പോകുന്നതും.

Story Highlights suresh raina retirement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top