ഒരു സിനിമക്ക് വേണ്ടത് രണ്ട് ലക്ഷം രൂപയും ഒരു മാസവും; വല്യേട്ടനും കാക്കക്കുയിലും എച്ച്ഡി ആക്കിയ ടീമിനു പറയാനുള്ളത്

Remastering team matinee now

വല്ല്യേട്ടനിലെ നിറനാഴി പൊന്നിൽ, കാക്കക്കുയിലിലെ ആലാരേ ഗോവിന്ദാ, പട്ടാഭിഷേകത്തിലെ പൂവുകൾ പെയ്യും. ഇവയൊക്കെ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ചിലതാണ്. ഈ പാട്ടുകളൊക്കെ നമ്മൾ കണ്ട് പരിചയിച്ച രീതിയിലല്ല ഇപ്പോൾ ഉള്ളത്. മിഴിവോടെ, തെളിമയോടെ 4കെ ഡെഫിനിഷനിലാണ് ഇവ പ്രചരിക്കുന്നത്.

ഈ പ്രതിഭാസമാണ് റീമാസ്റ്ററിങ്. മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് ഇതിനു പിന്നിൽ. മലയാളത്തിലെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കൊല്ലം സ്വദേശിയായ സോമന്‍ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സംരംഭമാണ് മാറ്റിനി നൗ.

സോമൻ പിള്ള

ഇങ്ങനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഈ പാട്ടുകളും മറ്റും പുറത്തിറക്കുന്നത് കാണുമ്പോലെ അത്ര എളുപ്പമല്ല. ഇതിനു പിന്നിൽ ബുദ്ധിമുട്ടേറിയ ഒരു ജോലിയുണ്ട്. ഡെഡിക്കേറ്റഡായ ഒരു ടീമും ഇതിനു പിന്നിലുണ്ട്. ഉനൈസ് അടിവാട്, ശങ്കര്‍ എന്നീ രണ്ട് പേരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ഇത്തരത്തിൽ റീമാസ്റ്റർ ചെയ്ത വീഡിയോകൾ പുറത്തിറക്കുന്നത്. അവനീർ ടെക്നോളജിയാണ് പ്രമോഷനും മറ്റ് കാര്യങ്ങളും നോക്കുന്നത്. റീമാസ്റ്ററിങിനെ പറ്റി ഉനൈസ് ട്വൻ്റിഫോർ ന്യൂസിനോട് വിവരിച്ചു.

അവനീർ ടെക്നോളജി ടീം

“80 ശതമാനം ആളുകളും വിചാരിക്കുന്നത് പഴയ പ്രിൻ്റ് സോഫ്റ്റ്‌വെയർ പ്രോസസിംഗിലൂടെ അത് അപ്സ്കേൽ ചെയ്ത് ക്ലീൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണെന്നാണ്. അതുകൊണ്ടാണ് യൂട്യൂബ് കമൻ്റുകളിൽ എന്താണ് വിഡിയോ വരാത്തത് എന്ന് ചോദിക്കുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാധാരണ കണ്ടുവരുന്നത് അപ്സ്കേൽ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് പതി. അത് കണ്ടിട്ടാണ് ഇവർ അങ്ങനെ ചോദിക്കുന്നത്. ഇതിൻ്റെ ശരിയായ രീതി എന്നാൽ, ചിത്രത്തിൻ്റെ നെഗറ്റീവ് ആദ്യം കണ്ടെത്തും. അത് സ്കാൻ ചെയ്ത് കളറിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യണം. നെഗറ്റീവിലെ പ്രശ്നങ്ങൾ മാറ്റണം. നല്ല പണി ഇതിനു പിന്നിലാണ്. പാട്ടുകളൊക്കെ ഇങ്ങനെ ചെയ്തെടുക്കാൻ 4-5 ദിവസങ്ങൾ വേണ്ടി വരും. അതൊക്കെ നെഗറ്റീവിൻ്റെ നിലവാരം അനുസരിച്ചാണ്. നല്ല നെഗറ്റീവാണെങ്കിൽ വേഗം നടക്കും. മോശം നെഗറ്റീവാണെങ്കിൽ വൈകും. പക്ഷേ, സിനിമ ചെയ്യാൻ കുറഞ്ഞത് ഒരു മാസമെങ്കിലും വേണം.”- ഉനൈസ് പറയുന്നു.

ഒളിമ്പ്യൻ അന്തോണി ആദ്യം- റീമാസ്റ്ററിങിനു മുൻപും ശേഷവും
പട്ടാഭിഷേകം നെഗറ്റീവ്

“ഇതിനകം ദേവദൂതൻ റീമാസ്റ്റർ ചെയ്ത് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്. കാക്കക്കുയിൽ വരാൻ പോകുന്നു. അത് പുറത്തൊക്കെ റിലീസായി. ഇന്ത്യയിൽ ഉടൻ വരും. വല്ല്യേട്ടൻ, ദി ട്രൂത്ത്, ഒളിമ്പ്യൻ അന്തോണി ആദം എന്നീ സിനിമകളുടെ റീമാസ്റ്ററിങ് നടക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ ആമസോൺ പ്രൈമുമായാണ് ഇപ്പോൾ ടൈഅപ്പ്. ലാഭം ഒരുപാട് കിട്ടിയില്ലെങ്കിലും ചെലവുള്ള പരിപാടിയായതു കൊണ്ട് വരുമാനം ആവശ്യമാണ്. ഒരു സിനിമ റീമാസ്റ്റർ ചെയ്യാൻ ഏതാണ്ട് 2 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് ആമസോൺ പ്രൈമുമായി ടൈഅപ്പായതാണ്. യൂട്യൂബിലും ഏറെ താമസിയാതെ വീഡിയോ അപ്ലോഡ് ചെയ്യും.”- ഉനൈസ് തുടർന്നു.

“ഇനി വരുന്നത് ഒരു ഡിജിറ്റൽ യുഗമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് റീമാസ്റ്ററിങ് ആലോചിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി മികച്ച സിനിമകൾ റിലീസാവുന്നുണ്ട്. പക്ഷേ, നമ്മുടെ പഴയ ക്ലാസിക് സിനിമകൾ അങ്ങനെ കാണാൻ കഴിയുന്നില്ല. അതിനൊരു പരിഹാരമുണ്ടാക്കണമെന്നുണ്ടായിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെയൊക്കെ നെഗറ്റീവ് സോഴ്സ് പോയി. കിലുക്കം, ദേവാസുരം തുടങ്ങിയ സിനിമകളുടെയൊന്നും നെഗറ്റീവോ പ്രിൻ്റോ ഒന്നും കിട്ടാനില്ല. അങ്ങനെ നമുക്ക് ഒരുപാട് നഷ്ടം പറ്റിയിട്ടുണ്ട്. അത് ഉണ്ടാവരുതെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. സിനിമാ വിദ്യാർത്ഥികൾക്കൊക്കെ ഉപകാരമാവും ഇത്. മൈന്യൂട്ട് ആയിട്ടുള്ള ഡീറ്റൈൽസുകൾ റീമാസ്റ്റർ ചെയ്യുമ്പോൾ കാണാൻ കഴിയുന്നുണ്ട്. അതൊക്കെ പുതിയ തിരിച്ചറിവുകളാണ്.”- ഉനൈസ് പറഞ്ഞുനിർത്തി.

Story Highlights Remastering team matinee now speaks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top