‘മെസി അസ്വസ്ഥനായിരുന്നു, ജഴ്സി ചോദിച്ചിട്ട് തന്നില്ല’; ബയേൺ യുവ താരം അൽഫോൺസോ ഡേവിസ്
ബാഴ്സലോണക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷം താൻ ജഴ്സി ചോദിച്ചിട്ട് മെസി നൽകിയില്ലെന്ന് ബയേൺ യുവ പ്രതിരോധ താരം അൽഫോൺസോ ഡേവിസ്. മത്സരത്തിൽ കനത്ത തോൽവി വഴങ്ങേണ്ടി വന്നതുകൊണ്ട് തന്നെ മെസി അസ്വസ്ഥനായിരുന്നു എന്നും ജഴ്സി ചോദിച്ചപ്പോൾ നൽകാൻ വിസമ്മതിച്ചു എന്നും താരം ബിടി സ്പോർട്സിനോട് പ്രതികരിച്ചു.
Read Also : ബാഴ്സ ബോസ് കോമാൻ തന്നെ; അബിദാലിനു പകരം റാമോൺ പ്ലെയിൻസ് ടെക്നിക്കൽ ഡയറക്ടർ
“ഞാൻ ചോദിച്ചു. പക്ഷേ, അദ്ദേഹം അസ്വസ്ഥനായിരുന്നു എന്ന് തോന്നുന്നു. കുഴപ്പമില്ല. അടുത്ത തവണ നോക്കാം”- ഡേവിസ് പ്രതികരിച്ചു.
അതേസമയം, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജഴ്സിക്കൈമാറ്റം പാടില്ലെന്ന് യുവേഫ താരങ്ങളോട് നിർദ്ദേശിച്ചിരുന്നു. ഇത് മറികടന്ന് കഴിഞ്ഞ മത്സരത്തിൽ ലെപ്സിഗ് താരവുമായി ജഴ്സി കൈമാറ്റം നടത്തിയ പിഎസ്ജി സൂപ്പർ താരം നെയ്മറുടെ പ്രവൃത്തി വിവാദമായിരുന്നു.
ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. ജർമ്മൻ താരം തോമസ് മുള്ളറും ബാഴ്സലോണയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ബയേണിലെത്തിയ ബ്രസീൽ താരം ഫിലിപെ കുട്ടീഞ്ഞോയും ഇരട്ട ഗോളുകൾ നേടി. ഇവാൻ പെരിസിച്ച്, സെർജ് നാബ്രി, ജോഷ്വ കിമ്മിച്ച്, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബയേണിൻ്റെ സ്കോറർമാർ. ബാഴ്സലോണക്കായി ലൂയിസ് സുവാരസ് ആണ് ഒരു ഗോൾ മടക്കിയത്. രണ്ടാം ഗോൾ ഡേവിഡ് അലബയുടെ സെൽഫ് ഗോൾ ആയിരുന്നു.
Read Also : ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന
തോൽവിക്ക് പിന്നാലെ എഫ്സി ബാഴ്സലോണയുടെ പരിശീലകനായി മുൻ ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാൻ ചുമതലയേറ്റു. ക്വിക്കെ സെറ്റിയനെ പുറത്താക്കിയാണ് മുൻ ബാഴ്സലോണ താരം കൂടിയായ കോമാനെ മാനേജ്മെൻ്റ് പരിശീലകനാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാഴ്സലോണ പരീക്ഷിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ.
ക്ലബിൻ്റെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്ന മുൻ താരം എറിക് അബിദാലിനും സ്ഥാനം നഷ്ടമായി. അബിദാലിൻ്റെ അസിസ്റ്റൻ്റായി 2018 മുതൽ ജോലി ചെയ്ത് വന്നിരുന്ന റാമോൺ പ്ലെയിൻസ് ആണ് ക്ലബിൻ്റെ പുതിയ ടെക്നിക്കൽ ഡയറക്ടർ.
Story Highlights – Lionel Messi Was Too Upset To Swap Shirts With Alphonso Davies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here