നിയമ സഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത് പതിനാറാം അവിശ്വാസ പ്രമേയത്തിന്

കേരള നിയമസഭാ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയത്തിനാണ് സഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. പിണറായി വിജയൻ സർക്കാരിനെതിരെ കോൺഗ്രസ് എംഎൽഎ വി.ഡി സതീശനാണ് പ്രമേയം അവതരിപ്പിക്കുന്നത്. 15 വർഷത്തിനു ശേഷമാണ് നിയമസഭ അവിശ്വാസ പ്രമേയത്തിന് സാക്ഷ്യം വഹിക്കുന്നത്.

കേരള നിയമ സഭാ ചരിത്രത്തിൽ അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയങ്ങളിൽ ഒന്നു മാത്രമാണ് ഇതുവരെ പാസായിട്ടുള്ളത്. എന്നാൽ, അവിശ്വാസ പ്രമേയത്തിലൂടെ വിശ്വാസ വോട്ടു തേടിയ മന്ത്രിസഭയും കേരള നിയമസഭാ ചരിത്രത്തിലുണ്ട്.

കേരള നിയമസഭയിൽ അവിശ്വാസ പ്രമേയത്തിന് തുടക്കമിടുന്നത് 1961 ൽ രണ്ടാം കേരള നിയമസഭയുടെ കാലത്ത്. പിഎസ്പി മന്ത്രിമാരായ പട്ടം താണുപിള്ള ,കെ ചന്ദ്രശേഖരൻ , ഡി ദാമോദരൻ പോറ്റി എന്നിവർക്കെതിരെ നോട്ടീസ് നൽകിയത് സിജി ജനാർദനനായിരുന്നു. എന്നാൽ, പ്രമേയം പരാജയപ്പെടുകയാണുണ്ടായത്. 1962 ലും 1963 ലും ആർ ശങ്കർ മന്ത്രിസഭക്കെതിരെ അച്യുതമേനോൻ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 1964 സെപ്തംബർ 3ന് പി.കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ ശങ്കർ മന്ത്രിസഭ നിലംപൊത്തി.

അച്യുതമേനോൻ അതിജീവിച്ചത് മൂന്ന് അവിശ്വാസ പ്രമേയങ്ങളെയായിരുന്നു. 1970 ൽ അച്ചുതമേനോൻ മന്ത്രിസഭ വിശ്വാസ വോട്ടു തേടിയ ചരിത്രവും കേരളത്തിലുണ്ട്. കെ കരുണാകരനാണ് ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി. 5 തവണയായിരുന്നു കരുണാകരനെതിരെ സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇകെ- നായനാർ 87ൽ വി എം സുധീരന്റേയും 89 ൽ കെ ശങ്കരനാരായണന്റെയും അവിശ്വാസ പ്രമേയങ്ങളെ മറികടന്നു. 2005 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭക്കെതിരെ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനും സർക്കാരിനെ വീഴ്ത്താനായില്ല.

Story Highlights – The Legislature today is witnessing the Sixteenth No-Confidence Motion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top