Advertisement

ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനു വേണ്ടി നിലകൊണ്ട നേതാവ്; പ്രണബ് മുഖർജിക്ക് ആദരാഞ്ജലിയുമായി പിണറായി വിജയൻ

August 31, 2020
Google News 2 minutes Read
Pinarayi vijayan pranab mukharjee

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂർണ്ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതി.

Read Also : പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാർ മുഖർജി.

ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തൻ്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിൻ്റെ നേർപിൻമുറക്കാരനായിരുന്ന പ്രണബ് മുഖർജി സമൂഹത്തിൽ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടർത്തുന്നതിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. അതിപ്രഗത്ഭനായ പാർലമെൻ്റേറിയൻ എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂർണ്ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു.

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന അദ്ദേഹം പല നിർണ്ണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയസമീപനങ്ങൾ കൈക്കൊണ്ടിരുന്നു. പ്രണബ് കുമാർ മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Story Highlights CM Pinarayi vijayan condoles pranab mukharjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here