സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാഞ്ചാലിമേട്; രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ഇടുക്കി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുക മൂന്നാറായിരിക്കും. തേക്കടിയും, പീരുമേടും തുടങ്ങിയ സ്ഥലങ്ങളും ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ഇതിനൊപ്പം, അല്ലെങ്കില്‍ ഇതിനേക്കാള്‍ ഭംഗിയേറിയ, ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങള്‍ ഇടുക്കിയിലുണ്ട്. ഇങ്ങനെ ടൂറിസ്റ്റുകളെ വലിയ തോതില്‍ ആകര്‍ഷിക്കാവുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണ് പാഞ്ചാലിമേട്.
സമുദ്രനിരപ്പില്‍ നിന്നും 3000 അടിയോളം ഉയരത്തിലുള്ള മനോഹരമായ ഈ പുല്‍മേടിന് അനുയോജ്യമായ രീതിയില്‍ 3.17 കോടി രൂപയുടെ ആദ്യഘട്ട ടൂറിസം പദ്ധതി സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു. അമിനിറ്റി സെന്റര്‍, റെയിന്‍ ഷെല്‍ട്ടറുകളും നടപ്പാതയും, മഡ്ഹൗസ്, സോളാര്‍വിളക്കുകള്‍, ടോയ്ലറ്റുകള്, ഇരുന്ന് വിശ്രമിക്കാനുള്ള ബഞ്ചുകള്‍ എന്നിവയെല്ലാം ആദ്യ ഘട്ട വികസനത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിരുന്നു.
ഈ വികസന പദ്ധതികളുടെ തുടര്‍ച്ചയായുള്ള രണ്ടാം ഘട്ട നിര്‍മാണം ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ പാഞ്ചാലിമേട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന മൂന്ന് കോടി രൂപ ഉപയോഗിച്ച് പാഞ്ചാലിക്കുളം നവീകരണം, ചെക്ക് ഡാം, ഹാന്ഗിംഗ് ബ്രിഡ്ജ്, അഡ്വഞ്ചര്‍ സോണ്‍ എന്നിവ നിര്‍മിക്കും.
Story Highlights – Panchalimedu Idukki