‘മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരിയുടെ നീക്കം കേസ് അട്ടിമറിക്കാൻ’: രമേശ് ചെന്നിത്തല

മതഗ്രന്ഥത്തെ മറയാക്കിയുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഐഎം അധഃപതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരിയുടെ ദേശാഭിമാനി ലേഖനത്തിനെതിരെ കെ.സുരേന്ദ്രനും ലീഗും രംഗത്തെത്തി.

വർഗീയത ഇളക്കിവിടാനുള്ള നീചമായ ശ്രമമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തുന്നത്. സ്വർണക്കടത്ത് ചർച്ച വഴിതിരിച്ചു വിടുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ജനങ്ങളെ ഒന്നിച്ചു നിർത്തേണ്ട മുഖ്യമന്ത്രി വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണ്. ജലീലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വർഗ്ഗീയ സംഘർഷമുണ്ടാക്കാൻ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. മുസ്ലീംസമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുഖംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, ലീഗ് മുഖപത്രം ചന്ദ്രിക എഡിറ്റോറിയലിലൂടെ ആഞ്ഞടിച്ചു. മതം മറയാക്കി തടിതപ്പേണ്ടെന്നും കോടിയേരിയുടെ നടപടി മതവിരുദ്ധമാണെന്നും ചന്ദ്രിക എഡിറ്റ് പേജിൽ കുറ്റപ്പെടുത്തുന്നു. കള്ളക്കടത്ത് മറയ്ക്കാൻ ഖുർആനെ മറയാക്കുന്നത് ശരിയാണോയെന്ന് സിപിഐഎം ആത്മപരിശോധന നടത്തണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

Story Highlights Ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top