Advertisement

സ്ലോഗ് ഓവറുകളിൽ ബാറ്റിംഗ് വിസ്ഫോടനം; ബാംഗ്ലൂരിന് 197 റൺസ് വിജയലക്ഷ്യം

October 5, 2020
Google News 2 minutes Read
rcb dc first innings

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 197 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 196 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 53 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ് ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. പൃഥ്വി ഷാ (42), ഋഷഭ് പന്ത് (37), ശിഖർ ധവാൻ (32) എന്നിവരും മികച്ച പ്രകടനം നടത്തി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ട്മായി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മിന്നുന്ന തുടക്കമാണ് നൽകിയത്. പൃഥ്വി ആയിരുന്നു അപകടകാരി. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ആർസിബി ക്യാപ്റ്റൻ വിരാട് കോലിക്ക് ഈ കൂട്ടുകെട്ട് തകർക്കാനായില്ല. സീസണിൽ ബാംഗ്ലൂരിൻ്റെ ഏറ്റവും മികച്ച ബൗളർ യുസ്‌വേന്ദ്ര ചഹാലിനെ പോലും ഡൽഹി വെറുതെ വിട്ടില്ല. 68 റൺസാണ് ആദ്യ വിക്കറ്റിൽ പൃഥ്വി-ധവാൻ സഖ്യം കൂട്ടിച്ചേർത്തത്. ബൗളിംഗ് ചേഞ്ചുമായി എത്തിയ മുഹമ്മദ് സിറാജ് അപകടകാരിയായ പൃഥ്വിയെ പുറത്താക്കി ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 23 പന്തുകളിൽ 42 റൺസെടുത്ത യുവതാരത്തെ സിറാജ് എബി ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

ശിഖർ ധവാൻ പിന്നാലെ മടങ്ങി. 32 റൺസെടുത്ത ധവാനെ ഇസുരു ഉദാന മൊയീൻ അലിയുടെ കൈകളിൽ എത്തിച്ചു. ശ്രേയാസ് അയ്യർ (11) വേഗം മടങ്ങി. മൊയീൻ അലിയുടെ പന്തിൽ ദേവ്ദത്ത് പടിക്കൽ ഡൽഹി ക്യാപ്റ്റനെ ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. നാലാം വിക്കറ്റിൽ ഋഷഭ് പന്ത്- മാർക്കസ് സ്റ്റോയിനിസ് സഖ്യം ഒത്തുചേർന്നതോടെ സ്കോർ കുതിച്ചുയർന്നു. സ്റ്റോയിനിസായിരുന്നു ഏറെ അപകടകാരി. 89 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. ഋഷഭ് പന്തിൻ്റെ കുറ്റി പിഴുത മുഹമ്മദ് സിറാജ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 25 പന്തുകളിൽ 37 റൺസെടുത്താണ് പന്ത് പുറത്തായത്. പന്തിനെ നഷ്ടപ്പെട്ടിട്ടും ആക്രമണം തുടർന്ന സ്റ്റോയിനിസ് 24 പന്തുകളിൽ ഫിഫ്റ്റി തികച്ചു. സ്റ്റോയിനിസ് (53), ഷിംറോൺ ഹെട്‌മെയർ (11) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights – royal challengers bangalore vs delhi capitals first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here