മുന്നാക്ക സംവരണം ആരുടെയും ആനുകൂല്യം ഇല്ലാതാക്കില്ല; പ്രക്ഷോഭം നയിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം: മുഖ്യമന്ത്രി

മുന്നാക്ക സംവരണം ആരുടെയും ആനുകൂല്യം ഇല്ലാതാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ല. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പൊതു മത്സര വിഭാഗത്തില്‍നിന്ന് 10 ശതമാനം നീക്കി വയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്. നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്ക് അതേ ആനുകൂല്യം തുടരുന്നുണ്ട്. ആരുടെയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെ സംവരണ ആനുകൂല്യത്തേയും ഇല്ലാതാക്കുകയുമില്ല. മറിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉറപ്പാക്കാനും പുതിയ മേഖലകളില്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറെ കാലമായി നമ്മുടെ സമൂഹം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ 579-ാമത് നിര്‍ദ്ദേശമായി ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. ‘സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരുമെന്ന നയത്തില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുന്നു. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരുത്തുവാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ എല്‍ഡിഎഫ് പരിശ്രമിക്കുന്നതായിരിക്കും. ‘

സംവരണത്തെ സംബന്ധിച്ച ഈ നയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി അതിന്റെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയത്. അതായത് നിലവിലുള്ള സംവരണം അതേപോലെ നിലനിര്‍ത്തണം എന്ന സമീപനം മുന്നോട്ടുവച്ചു. അതു തുടരുമ്പോള്‍ തന്നെ മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നുമാണ് പറഞ്ഞത്. ഇത്തരമൊരു സ്ഥിതിയുണ്ടാകണമെങ്കില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ ഭരണഘടനാഭേദഗതി കൊണ്ടുവന്നു. ഇന്ത്യയിലെ കോണ്‍ഗ്രസും ഇടതുപക്ഷവുമുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ബില്ലിനെ പിന്തുണച്ചു. സന്നിഹിതരായിരുന്ന 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമമാണ് ഇത്. ആ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. രാജ്യത്താകെ ബാധകമായ നിയമമാണിത്. ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Forward reservation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top