മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്മുരുകന് പിടികിട്ടാപ്പുള്ളി

വയനാട് മീന്മുട്ടി വാളാരംകുന്ന് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്മുരുകന് പിടികിട്ടാപ്പുള്ളിയെന്ന് തമിഴ്നാട് പൊലീസ്. 2015 മുതല്‍ വേല്‍മുരുകനടക്കം 13 മാവോയിസ്റ്റുകളെ തമിഴ്നാട് പൊലീസ് തെരയുന്നതായും രേഖകളുണ്ട്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
വേല്‍മുരുകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രണ്ട് ലക്ഷം രൂപ ഇനാം ആണ്. 2013ല്‍ കോഴിക്കോട്ടുനിന്ന് സ്ഫോടക വസ്തുക്കള്‍ കൊണ്ടു പോയതായും തമിഴ്നാട് ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. എട്ട് പൊലീസ് സ്റ്റേഷനുകളില്‍ വേല്മുരുകന് എതിരെ കേസുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ പരിശീലനത്തിലും വേല്മുരുകന് പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍.
വേല്മുരുകന് തേനി പെരിയകുളം സ്വദേശിയാണ്. 32 വയസായിരുന്നു. വേല്‍മുരുകന്റെ ചിത്രം പുറത്തുവിട്ടത് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ്. മധുര കോടതിയില്‍ അഭിഭാഷകനാണ് ഇദ്ദേഹത്തിന്റെ സഹോദരനെന്നും ക്യൂ ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങളിലുണ്ട്.
അതേസമയം വേല്മുരുകന് തണ്ടര്‍ ബോള്‍ട്ടിന് നേരെ വെടി ഉതിര്‍ത്തിരുന്നു എന്നും വിവരം. തോക്കില്‍ നിന്നും രണ്ട് വെടി ഉതിര്‍ത്തതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. വേല്മുരുകന് ഉപയോഗിച്ച 303 റൈഫിള്‍ പ്രാഥമിക പരിശോധന നടത്തി. ബോഡി പൗച്ചില്‍ നിന്നും കൂടുതല്‍ തിരകള്‍ കണ്ടെത്തിയെന്നും പൊലീസ്.
Story Highlights – Velmurugan killed in Maoist encounter