ചുവന്ന ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ കളിയാക്കി ബന്ധുക്കൾ; അതേ ലിപ്സ്റ്റികിട്ട് അതേ ബന്ധുക്കൾക്ക് തന്നെ ചിത്രം അയച്ച് മകൻ

ചുവന്ന ലിപ്സ്റ്റിക് ധരിക്കുന്നതിന് സമൂഹത്തിൽ അപ്രഖ്യാപിത വിലക്ക് നിലനിൽക്കുന്നുണ്ട്. ‘മോശം’ സ്ത്രീകളാണ് ഈ നിറം ചുണ്ടിൽ ഉപയോഗിക്കുന്നത് എന്നാണ് സമൂഹം നൽകിയിരിക്കുന്ന നിർവചനം. അതുകൊണ്ട് തന്നെ പലരും ചുവപ്പിന്റെ തന്നെ പല വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതിന്റെ പേരിൽ പല സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തുറന്ന് പറയുകയാണ് പുഷ്പക് സെൻ എന്ന യുവാവ്.
ചുവന്ന ലിപ്സ്റ്റിക് ധരിച്ച അമ്മയെ അപമാനിച്ച ബന്ധുക്കൾക്ക് അതേ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞ തന്റെ ചിത്രം അയച്ച് നൽകിയായിരുന്നു പുഷ്പകിന്റെ പ്രതികാരം. ഈ അനുഭവം പുഷപക് ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം –
‘ഒരു കുടുംബയോഗത്തിൽ പങ്കുടെക്കവെ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ അമ്മയെ അടുത്ത ബന്ധുക്കൾ ചേർന്ന് അപമാനിച്ചു. അതുകൊണ്ട് ഇന്നലെ അവർക്കെല്ലാം ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ എന്റെ ചിത്രം ഞാൻ അയച്ചു കൊടുത്തു. ശുഭദിനം എന്ന സന്ദേശവും.
എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് അമ്മയെ ഇത്തരത്തിൽ അപമാനിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ആദർശം പറയുന്ന അവരുടെ മക്കളും സമീപത്തുണ്ടായിരുന്നു എന്നതാണ്.
ഇതാ താടിയും മീശയുമുള്ള പുരുഷനായ ഞാൻ ചുവന്ന ലിപ്സ്റ്റിക് ധരിച്ചിരിക്കുന്നു. സമൂഹത്തിന്റെ നിലപാട് കാരണം തങ്ങളുടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കേണ്ടി വന്ന അമ്മമാർക്കും, സഹോദരിമാർക്കും, പെൺമക്കൾക്കും, പുരുഷന്മാരല്ലാത്ത എല്ലാവർക്കും വേണ്ടി ഞാനിന്ന് ശബ്ദമുയർത്തുകയാണ്.’
അയ്യായിരത്തിലേറെ പേരാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Story Highlights – man wears red lipstick challenges society
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here