ധനമന്ത്രി ഗുരുതര ചട്ടലംഘനം നടത്തി; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രമേശ് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ വെയ്ക്കാത്ത സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടിയെന്ന് ചെന്നിത്തല ചോദിച്ചു. സഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് പുറത്ത് വിട്ടത് നിയമലംഘനമാണ്. തോമസ് ഐസക്കിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

നിയമസഭയുടെ മേശപ്പുറത്ത് പോലും വയ്ക്കാത്ത റിപ്പോര്‍ട്ട് എവിടെനിന്നാണ് ധനകാര്യ മന്ത്രിക്ക് ലഭിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റിന് കൊടുത്ത പാരഗ്രാഫായിരിക്കാം അദ്ദേഹം കണ്ടത്. സാധാരണ ഗതിയില്‍ സിഎജിയുടെ കണ്ടെത്തലുകള്‍ പാരഗ്രാഫായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നല്‍കാറുണ്ട്. അവര്‍ അതിന് മറുപടി നല്‍കാറുണ്ട്. ആ നടപടികള്‍ പരിശോധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കി അവസാനം അത് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോഴാണ് പൊതുജനം അറിയുന്നത്. ധനകാര്യ മന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയത്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി തന്റെ ഡിപ്പാര്‍ട്ടുമെന്റിനെപ്പറ്റിയുള്ള ഓഡിറ്റ് പാരഗ്രാഫ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് പത്രസമ്മേളനം നടത്തുന്നത്. രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന വിധത്തിലാണ് കേരളത്തിന്റെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമായിട്ടാണ് ധനമന്ത്രിയുടെ ഈ അമ്പരപ്പിക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.

മന്ത്രിയുടെ പത്രസമ്മേളനത്തില്‍ പറഞ്ഞത് കരട് സിഎജി റിപ്പോര്‍ട്ട് എന്നാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തില്‍ വന്ന ഒരു മന്ത്രിക്കും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത ഒരു റിപ്പോര്‍ട്ട് എങ്ങനെ പരസ്യപ്പെടുത്താന്‍ കഴിയും. ഗുരുതരമായ ചട്ടലംഘനവും നിയവിരുദ്ധവുമായ കാര്യമാണ് ധനകാര്യ മന്ത്രി ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top