വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലേക്ക് എത്തുക. നടപടി ക്രമങ്ങള്‍ ആശുപത്രിയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ ചെറിന്നിയൂരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാവുക.
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് അറസ്റ്റി ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിജിലന്‍സ് നീക്കം ചോര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനില്‍ക്കെയാണ് വിജിലന്‍സിന്റെ നിര്‍ണായക നീക്കം.
രണ്ട് സംഘമായി തിരിഞ്ഞാണ് വിജിലന്‍സ് നീങ്ങിയത്. ഒരു സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ തന്നെ തുടര്‍ന്നപ്പോള്‍ മറ്റൊരു സംഘം ആശുപത്രിയിലെത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചു. ആരോഗ്യ സ്ഥിതി തൃപ്തികരമായതുകൊണ്ട് നിയമനടപടികളിലേക്ക് കടക്കാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
ടിഒ സൂരജ്, ആര്‍ഡിഎക്സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹര്‍ജിയില്‍ ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് കൂട്ടിച്ചേര്‍ത്തിരുന്നു.
Story Highlights – vk ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here