ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (20-11-2020)

‘രണ്ടില’ ചിഹ്നം ജോസ് കെ മാണിക്ക്

കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹർജി തള്ളി.

അഭിഭാഷകനെ കാണാൻ സിദ്ദിഖ് കാപ്പന് അനുമതി; ജാമ്യാപേക്ഷ നൽകാൻ നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി

ഹത്‌റാസ് സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നൽകാൻ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു.

വി.കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യപരിശോധന നടത്തണം; ഉത്തരവിട്ട് കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ക്‌ഷോർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്; കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർത്തു

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തു. ആറ് ഉദ്യോഗസ്ഥരെയാണ് പ്രതി ചേർത്തത്. ഇതിൽ നാല് പേർ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രണ്ട് പേർ കിറ്റ്‌കോ ഉദ്യോഗസ്ഥരുമാണ്.

‘ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണം’; വി. കെ ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയതായി വിജിലൻസ്

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്. ആദായനികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നവെന്നും വിജിലൻസ് അറിയിച്ചു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമമായി

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ നിയമമായി. ഇത് സംബന്ധിച്ച സർക്കർ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതൽ ആറുവരെയുള്ള ഒരു മണിക്കൂർ ഇതിന് പ്രത്യേക സൗകര്യമൊരുക്കും.

ശബ്ദരേഖ സ്വപ്നസുരേഷിന്റേതെന്ന് സ്ഥിരീകരിച്ചിട്ടില്ല: ജയിൽ ഡിഐജിയുടെ റിപ്പോർട്ട്

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച റിപ്പോർട്ട് ജയിൽ ഡിഐജി ജയിൽ ഡിജിപിക്ക് കൈമാറി. ശബ്ദരേഖ സ്വപ്നസുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബ്ദം സംബന്ധിച്ച് വ്യക്തതയില്ല എന്ന് സ്വപ്ന പറഞ്ഞു.

ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ പതിനാല് മരണം

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർധരാത്രിയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്.

സ്വപ്‌നയുടെ ശബ്ദ സന്ദേശം പ്രചരിച്ച സംഭവം; കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

Story Highlights today headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top