പത്ത് വർഷത്തിനിടെ നാല് വീടുകൾ; പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര; സക്കീർ ഹുസൈനെതിരെ സിപിഐഎം അന്വേഷണ റിപ്പോർട്ട്

സിപിഐഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പാർട്ടി അന്വേഷണ റിപ്പോർട്ട്. സക്കീർ ഹുസൈൻ വൻതോതിൽ സ്വത്ത് സമ്പാദനം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശ യാത്ര നടത്തി. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്കാണ് സക്കീർ ഹുസൈൻ പോയത്. പാസ്പോർട്ട് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

സക്കീർ ഹുസൈനെതിരെയുള്ള അച്ചടക്ക നടപടിയിൽ സിപിഐഎം തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സക്കീർ ഹുസൈനെതിരെ ഒൻപത് പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടിൽ താമസിച്ചിരുന്ന സക്കീർ ഹുസൈൻ പത്ത് വർഷത്തിനിടെ നാല് വീടുകൾ വാങ്ങി. 76 ലക്ഷം രൂപയ്ക്കാണ് ഒടുവിൽ വീടു വാങ്ങിയത്. ഇതിന് വേണ്ടി 65 ലക്ഷം രൂപ വായ്പയെടുത്തു. വീടിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന പാർട്ടിയുടെ ചോദ്യത്തിന് ഭാര്യയുടെ ശമ്പളത്തിൽ നിന്നെന്നായിരുന്നു സക്കീറിന്റെ മറുപടി. എന്നാൽ ഇത് വിശ്വസിക്കാൻ കഴിയില്ലെന്ന് പാർട്ടിയുടെ റിപ്പോർട്ടിലുണ്ട്. കളമശേരി മുൻ ഏരിയാ സെക്രട്ടറിയായ സക്കീ‍ർ ഹുസൈൻ നിലവിൽ സസ്പെൻഷനിലാണ്.

അതിനിടെ സക്കീർ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി.

Story Highlights sakeer hussain, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top