പശ്ചിമബംഗാള്‍ – കേന്ദ്രസര്‍ക്കാര്‍ പോര് മുറുകുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര മന്ത്രാലയത്തില്‍ ഹാജരാകില്ല

പശ്ചിമബംഗാള്‍ – കേന്ദ്രസര്‍ക്കാര്‍ പോര് മുറുകുന്നു. തിങ്കളാഴ്ച ചിഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര മന്ത്രാലയത്തില്‍ ഹാജരാകില്ല. ഡല്‍ഹിക്ക് പോകേണ്ടെന്ന് തങ്ങളോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തരമന്ത്രാലയത്തെ രേഖാമൂലം അറിയിച്ചു. അതേസമയം നിര്‍ബന്ധമായും ഉദ്യോഗസ്ഥര്‍ രണ്ട് പേരും ഡല്‍ഹിയില്‍ എത്തിയേ മതിയാകൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആഭ്യന്തരമന്ത്രാലയം.

തിങ്കളാഴ്ച ഡല്‍ഹിയില്‍ ഹാജരാനുള്ള നിര്‍ദ്ദേശം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്രം നല്‍കിയിരുന്നു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണവും തുടര്‍ സാഹചര്യവും ആണ് നടപടിയിലേക്ക് നയിച്ചത്. പക്ഷേ രണ്ട് ഉദ്യോഗസ്ഥരും തിങ്കളാഴ്ച ഈ നിര്‍ദ്ദേശം അനുസരിച്ച് ഡല്‍ഹിയിലേക്ക് വരില്ല. ഡല്‍ഹിയിലേക്ക് തിങ്കളാഴ്ച പോകേണ്ടെന്ന് മമത തങ്ങളോട് നിര്‍ദ്ദേശിച്ചതായി ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.

സംസ്ഥാനത്ത് തന്നെ തങ്ങള്‍ ഉണ്ടാകണം എന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും കേന്ദ്രത്തെ അറിയിച്ചത്. ജെ.പി. നദ്ദയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കിയിരുന്നതായും മറുപടിക്കത്തില്‍ ഇരുവരും ആഭ്യന്തരമന്ത്രാലയത്തോട് വിശദമാക്കി. ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തില്ല എന്ന് അറിയിച്ചതോടെ വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന പോര് മുറുകുകയാണ്.

ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി എന്നത് കൊണ്ട് തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം റദ്ദാക്കപ്പെടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തിയെ മതിയാകു. നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ അതിന് തയാറായില്ലെങ്കില്‍ അതിന് അവസരം ഉണ്ടാക്കാനുള്ള മാര്‍ഗങ്ങളും സര്‍വീസ് ചട്ടത്തില്‍ ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ വക്താക്കള്‍ പറയുന്നു.

Story Highlights Mamata Banerjee won’t send chief secretary police chief to Delhi on MHA summons

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top