ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12-12-2020)

റോഡ് നിര്‍മാണത്തിന് വ്യാജരേഖ; സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

റോഡ് നിര്‍മാണങ്ങള്‍ക്ക് വ്യാജരേഖ ചമയ്ക്കുകയും സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊതു മരാമത്ത് വകുപ്പ്. കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പിന് അനക്കമില്ല. വിജിലന്‍സ് അന്വേഷണ ശുപാര്‍ശയിലും തുടര്‍ നടപടികളില്ല.

സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിടുക്കത്തിലുള്ള നീക്കത്തിന് ഉദ്ദേശമില്ലെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതിന് ശേഷം സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ സാധ്യതയെന്നും വിവരം സ്വപ്‌നയുടെ മൊഴി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ ഗുണകരമാകുമെന്നാണ് ഇ ഡി വിലയിരുത്തല്‍.

സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ചര്‍ച്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് അന്വേഷണ സംഘം

കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്റ്റംസ് ഹൗസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫുമായി ലോക്‌നാഥ് ബെഹ്‌റ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചു. അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോ എന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു.

കൊവിഡ് വാക്‌സിന്‍; ഫൈസറിന് അനുമതി നല്‍കി അമേരിക്ക

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്കയില്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്. വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ചെലവിട്ടത് 10 ശതമാനത്തില്‍ താഴെ മാത്രം

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനായാണ് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പാക്കേജില്‍ നിന്ന് പത്ത് ശതമാനം തുക പോലും വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ചൂട് മലബാറിലെ നാല് ജില്ലകളിലേക്ക് ചുരുങ്ങിയതോടെ പ്രചാരണരംഗം വീറും വാശിയും നിറഞ്ഞതായി. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ചോദിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥികളും മുന്നണികളും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

ഇന്ന് കര്‍ഷകരുടെ രാജ്യ വ്യാപക പ്രതിഷേധം; ഡല്‍ഹിയില്‍ ദേശീയ പാതകള്‍ ഉപരോധിക്കും

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ന് കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കും.

Story Highlights todays headlines (12-12-2020)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top