കാല്‍നൂറ്റാണ്ടായി തരിശായി കിടന്ന മുടവൂര്‍ പാടശേഖരം ഇനി കതിരണിയും

കാല്‍നൂറ്റാണ്ടായി തരിശായി കിടന്ന മൂവാറ്റുപുഴ മുടവൂര്‍ പാടശേഖരം ഇനി കതിരണിയും. മുന്നൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിലെ ഞാറ് നടീല്‍ ഉത്സവം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഒരു കാലത്ത് കര്‍ഷകര്‍ പൊന്നുവിളയിച്ച ഇടമായിരുന്നു പ്രായിപ്രയിലെ മുടവൂര്‍ പാടശേഖരം. പിന്നീട് കര്‍ഷക തൊഴിലാളികളുടെയും ജല ലഭ്യതയുടെയും കുറവ് മൂലം പാടങ്ങളില്‍ ഒന്നൊന്നായി കൃഷി നിലച്ചു.
കൃഷി മുടങ്ങിയ മുടവൂര്‍ പാടശേഖരം പതിയെ മാലിന്യ കൂമ്പാരമായി മാറുകയായിരുന്നു. കൃഷി വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് സുവര്‍ണ ഹരിത സേനയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയിലേക്ക് യുവാക്കളെ അടക്കം ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ നെല്‍വയലും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷയും ജലസംരക്ഷണവും സാധ്യമാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

മുന്നൂറോളം കര്‍ഷകരുടെ പാടശേഖരമാണ് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുത്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊവിഡ് പ്രോട്ടക്കോള്‍ പാലിച്ച് കര്‍ഷകരുടെ ഘോഷയാത്രയും കാര്‍ഷിക യന്ത്രങ്ങളുടെയും നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും വില്‍പ്പനയും നടന്നു. ചടങ്ങില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു.

Story Highlights – Mudavoor Padasekharam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top