ശബരിമല വരുമാനത്തില്‍ കൊവിഡ് കാലത്ത് വന്‍ കുറവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ഗവണ്‍മെന്റിന്റെ സഹായം തേടും

sabarimala maha deeparadhana

കൊവിഡ് കാലത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ വരുമാനം കുറഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മണ്ഡല- മകരവിളക്ക് കാലത്തെ വരുമാനം 16,30,66,246 രൂപയെന്നാണ് ദേവസ്വത്തിന്റെ കണക്ക്. മകരവിളക്ക് സമയത്തെ വരുമാനം ആറ് കോടി 33 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 60 കോടിയായിരുന്നു. വരുമാനത്തിലുണ്ടായ കുറവ് അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. ആറ് മാസത്തിനിടെ 70 കോടി രൂപ സര്‍ക്കാര്‍ സഹായം ലഭിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം മാത്രമാണ് ഈ വര്‍ഷത്തെ വരുമാനം. ഇതിനാല്‍ ദേവസ്വത്തിന്റെ കീഴിലെ മറ്റ് ക്ഷേത്രങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാകും.

നാളെ ശബരിമലയിലേക്ക് വരുന്ന 5000 പേര്‍ക്ക് മകരജ്യോതി കഴിയുന്നത് വരെ സന്നിധാനത്ത് തുടരാം. മാസപൂജക്ക് കൂടുതല്‍ ദിവസം നട തുറക്കണമെന്ന നിര്‍ദേശം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തന്ത്രിയും മറ്റുള്ളവരുമായി കൂടിയാലോചന നടത്തും.

132673 പേരാണ് ഇതുവരെ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന് 500 കോടിയുടെ നഷ്ടം മാര്‍ച്ച് മുതല്‍ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കിടയിലും കൊവിഡ് കാലത്തെ ശബരിമല തീര്‍ത്ഥാടനം പൂര്‍ണ വിജയമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചെങ്കിലും കൃത്യമായ ഇടപെടലുകള്‍ നടത്തിയതിനാല്‍ വലിയൊരു ഭീഷണി ഉണ്ടായില്ല. കഴിഞ്ഞ മകരവിളക്ക് സീസണ്‍ അപേക്ഷിച്ച് 54 കോടിയിലധികം രൂപയുടെ വരുമാനം കുറവാണ് ഇത്തവണ ഉണ്ടായത്.

എന്നാല്‍ ലാഭ നഷ്ടം നോക്കിയല്ല ശബരിമല തീര്‍ത്ഥാടനം നടത്തിയതെന്നും വരുമാനം കണ്ടെത്താന്‍ ഗവണ്‍മെന്റിന്റെ സഹായം തേടുന്നതടക്കം മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. നാളെ മകരവിളക്ക് നടക്കാനിരിക്കെ സന്നിധാനത്ത് മാധ്യമങ്ങളെ കണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Story Highlightssabarimala, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top