Advertisement

മെസിക്ക് ക്ലബ് കരിയറിൽ ആദ്യത്തെ ചുവപ്പുകാർഡ്; ബാഴ്സലോണയ്ക്ക് തോൽവി

January 18, 2021
Google News 2 minutes Read
barcelona messi red card

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ എഫ്സി ബാഴ്സലോണയ്ക്ക് തോൽവി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അത്‌ലറ്റിക് ക്ലബിനോടാണ് ബാഴ്സ തോൽവി വഴങ്ങിയത്. 1-0നും 2-1നും മുന്നിൽ നിന്നതിനു ശേഷമാണ് സ്പാനിഷ് ഭീമന്മാർ പരാജയപ്പെട്ടത്. ഓസ്കാർ ഡി മാർക്കോസ്, അസിയർ വില്ലാലിബ്രെ, ഇനാകി വില്ല്യംസ് എന്നിവരാണ് അത്‌ലറ്റിക് ക്ലബിൻ്റെ ഗോൾ സ്കോറർമാർ. അൻ്റോയിൻ ഗ്രീസ്മാനാണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്. പരാജയത്തിനിടയിൽ സൂപ്പർ താരം ലയണൽ മെസിക്ക് ചുവപ്പുകാർഡ് ലഭിച്ചത് ബാഴ്സയ്ക്ക് മറ്റൊരു തിരിച്ചടിയായി. മെസിയുടെ ക്ലബ് കരിയറിൽ ആദ്യത്തെ ചുവപ്പു കാർഡാണ് ഇന്നലെ ലഭിച്ചത്.

പ്രതിരോധത്തിലെ പാകപ്പിഴകളാണ് ബാഴ്സലോണയ്ക്ക് തിരിച്ചടി ആയത്. 40ആം മിനിട്ടിൽ അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണയെ മുന്നിലെത്തിച്ചു. മെസിയുടെ ഷോട്ട് റീബൗണ്ട് ചെയ്തായിരുന്നു ഗ്രീസ്മാൻ്റെ ഗോൾ. 2 മിനിട്ടുകൾക്കുള്ളിൽ അത്‌ലറ്റിക് ക്ലബ് തിരിച്ചടിച്ചു. ഇനാകി വില്ല്യംസിൻ്റെ പാസിൽ നിന്ന് ഓസ്കാർ നേടിയ ഗോളിൽ ആദ്യ പകുതി 1-1 എന്ന് സമനില. 77ആം മിനിട്ടിലാണ് മത്സരത്തിലെ അടുത്ത ഗോൾ പിറന്നത്. ഡെംബലെയുമായിച്ചേർന്ന് നടത്തിയ വൺടൂവിനൊടുവിൽ ആൽബ നൽകിയ ക്രോസ് വലയിലേക്കു തിരിച്ചുവിട്ട് ഗ്രീസ്മാൻ വീണ്ടും ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാൽ, കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെ 90ആം മിനിട്ടിൽ അസിയറുടെ ഗോൾ കളി വീണ്ടും സമനിലയാക്കി. ഒരു ഫ്രീകിക്കിൽ നിന്നാണ് താരം ടെർ സ്റ്റീഗനെ കീഴ്പ്പെടുത്തിയത്.

അധികസമയത്തിനു 3 മിനിട്ട് പ്രായമായപ്പോൾ അത്‌ലറ്റിക് ക്ലബ് വിജയഗോൾ നേടി. ബോക്സിനു പുറത്തു നിന്ന് ഇനാകി വില്ല്യംസ് നേടിയ ഗംഭീരമായ ഒരു ഗോൾ കളിയുടെ ഒഴുക്ക് മാറ്റി. തിരിച്ചടിക്കാൻ ബാഴ്സ കിണഞ്ഞ് ശ്രമിച്ചു. ചില അവസരങ്ങൾ ബാഴ്സ താരങ്ങൾ പാഴാക്കുകയും ചെയ്തു. അധികസമയത്തിൻ്റെ ഇഞ്ചുറി ടൈമിൽ മെസിക്ക് കരിയറിൽ ആദ്യത്തെ ചുവപ്പുകാർഡ് കിട്ടിയതോടെ ബാഴ്സയുടെ പതനം പൂർത്തിയായി. വില്ലാലിബ്രെയെ ഫൗൾ ചെയ്തതിനാണ് മെസിക്ക് മാർച്ചിംഗ് ഓർഡർ ലഭിച്ചത്.

Story Highlights – barcelona lost to atletic club lionel messi shown red card

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here