എല്‍പി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനത്തിന് നീക്കം

എല്‍പി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനത്തിന് നീക്കം. 774 തസ്തികകള്‍ നിലവിലുണ്ടെന്നിരിക്കെ 450 ആളുകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം. കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത നിരവധി പേര്‍ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവര്‍കൂടി ലിസ്റ്റില്‍ വന്നാല്‍ പുതിയ റാങ്ക് ലിസ്റ്റ് വീണ്ടും ചുരുങ്ങും. ഇതിന് പുറമേ അയോഗ്യരും പരീക്ഷ എഴുതിയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം.

എല്‍പി, യുപി അധ്യാപക തസ്തികയിലേക്ക് നവംബറിലാണ് പിഎസ്‌സി പരീക്ഷ നടത്തിയത്. 2057 പേരാണ് എല്‍പി പരീക്ഷ എഴുതിയത്. എന്നാല്‍ 450 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നീക്കം. നിലവില്‍ 774 പേരുടെ ഒഴിവുകളുണ്ടെന്നിരിക്കെയാണ് ഇത്. മാത്രമല്ല, പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനിരിക്കെ ടിടിസി യോഗ്യതയുള്ളവര്‍ക്ക് ലഭിക്കുന്ന അവസാന അവസരവുമാണിത്.

നിശ്ചിത യോഗ്യതയ്ക്ക് പുറത്തുള്ള നിരവധി പേരും പരീക്ഷ എഴുതിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവരെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയുള്ളൂ. മാത്രമല്ല, കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ച നൂറോളം പേര്‍ ഇത്തവണയും പരീക്ഷ എഴുതിയിട്ടുണ്ട്. ഇങ്ങനെ വരുന്നതോടെ പുതിയ റാങ്ക് ലിസ്റ്റിലുള്ളവരുടെ എണ്ണം വീണ്ടും കുറയും.

7000 പേരാണ് യുപി അസിസ്റ്റന്റ് പരീക്ഷ എഴുതിയത്. കഴിഞ്ഞ ലിസ്റ്റില്‍ നിന്നും 220 പേര്‍ക്ക് മാത്രമേ നിയമനം നല്‍കിയിട്ടുള്ളൂ. 400 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാല്‍ ഇത് 800 പേരെങ്കിലുമായി ഉയര്‍ത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

Story Highlights – Vacancies LP and UP teaching posts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top