കൊല്ലം ജില്ലയില്‍ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നായി ഇരവിപുരം

പരമ്പരാഗത ആര്‍എസ്പി മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് ഇരവിപുരത്ത് യുഡിഎഫിനുള്ളത്. എന്നാല്‍ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ തുണയാകുമെന്ന പ്രതീഷയിലാണ് എല്‍ഡിഎഫ്. കൊല്ലം ജില്ലയില്‍ ഏറ്റവും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇരവിപുരം.

ഇരവിപുരം മണ്ഡലത്തില്‍ ആദ്യ രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ടത് സിപിഐയിലെ പി. രവീന്ദ്രന്‍. പിന്നീട് നടന്ന 12 ല്‍ പത്തിലും മണ്ഡലം ആര്‍എസ്പിക്കൊപ്പം ഉറച്ചു നിന്നു. ഒരിക്കല്‍ മാത്രം പി.കെ.കെ. ബാവയിലൂടെ മണ്ഡലം മുസ്ലീം ലീഗിലേക്ക്. കഴിഞ്ഞ തവണ ഇടതു മാറി യുഡിഎഫിനൊപ്പം കൂടിയ ആര്‍എസ്പിയെ മണ്ഡലം കൈവിട്ടു. ഇരവിപുരത്തിന്റെ ചരിത്രത്തിലെ ആദ്യ സിപിഐഎം എംഎല്‍എയായി എം.നൗഷാദ് നിയമസഭയിലേക്ക്. ഭൂരിപക്ഷം 28,803. മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി കൂടുതല്‍ ജനകീയനായാണ് നൗഷാദ് വീണ്ടും അങ്കത്തിനൊരുങ്ങുന്നത്.

ഏത് വിധേനയും കോട്ട തിരിച്ചുപിടിക്കാനാണ് ആര്‍എസ്പിയുടെ ശ്രമം. മുന്‍ മന്ത്രിയായ ബാബു ദിവാകരനാവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. തീരമേഖലകള്‍ ഏറെയുള്ള മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം തുണയാകുമെന്നാണ് പ്രതീക്ഷ. ജനകീയനായ നിലവിലെ എംഎല്‍എയും അയല്‍ മണ്ഡലത്തിലെ ജനകീയ മുന്‍ എംഎല്‍എയും തമ്മിലാകും പോരാട്ടമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇരവിപുരം ഇത്തവണ സാക്ഷിയാകുന്നത് ക്ലാസിക് പോരാട്ടത്തിനാകും.

Story Highlights – eravipuram constituency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top