ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു; തെവാട്ടിയക്ക് ഇംഗ്ലണ്ട് പരമ്പര നഷ്ടമായേക്കും

Rahul Tewatia fitness test

സ്പിന്നർ വരുൺ ചക്രവർത്തിക്ക് പിന്നാലെ ഓൾറൗണ്ടർ രാഹുൽ തെവാട്ടിയയ്ക്കും ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. വരുണിനെപ്പോലെ തെവാട്ടിയയും ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും ഇരുവർക്കും വീണ്ടും അവസരം ലഭിക്കും. മലയാളി താരം സഞ്ജു സാംസൺ അടക്കം നിരവധി താരങ്ങൾ രണ്ടാമത്തെ ശ്രമത്തിലാണ് ഫിറ്റ്നസ് ടെസ്റ്റ് പാസായത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ബാറ്റ് കൊണ്ടും പന്തു കൊണ്ടും നടത്തിയ പ്രകടനങ്ങളാണ് തെവാട്ടിയയ്ക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം നൽകിയത്. 42.5 ശരാശരിയിൽ 255 റൺസ് സ്കോർ ചെയ്ത താരം 7.08 എക്കോണമിയിൽ 10 വിക്കറ്റുകളും കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു.

Read Also : ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണെ ഒഴിവാക്കി

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ അഞ്ച് മാസത്തിനിടെ രണ്ടാമത്തെ തവണയാവും വരുണിന് ഇന്ത്യൻ അരങ്ങേറ്റം നഷ്ടമാവുക. ഓസ്ട്രേലിയക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്ന് പരുക്ക് മൂലം വരുണിനെ പുറത്താക്കിയിരുന്നു.

മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനായില്ല. സൂര്യ കുമാർ യാദവും ഇഷാൻ കിഷനും ടീമിൽ ഇടം പിടിച്ചു.

വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ, അക്‌സർ പട്ടേൽ തുടങ്ങിയവരും ടീമിലുണ്ട്. പരുക്കു കാരണം മുഹമ്മദ് ഷമിയെ ടീമിലേയ്ക്ക് പരിഗണിച്ചില്ല. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മാർച്ച് പന്ത്രണ്ട് മുതൽ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് ടി-20 പരമ്പര നടക്കുന്നത്.

Story Highlights – Rahul Tewatia fails to clear the fitness test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top