ബലാത്സംഗക്കേസിൽ നിരപരാധിയെന്ന് തെളിഞ്ഞു; യുപിയിൽ 20 വർഷത്തിനു ശേഷം യുവാവിന് ജയിൽമോചനം

UP Acquitted Rape Prison

ബലാത്സംഗക്കേസിൽ നിരപരാധിയെന്ന് തെളിഞ്ഞതിനെ തുടർന്ന് 20 വർഷത്തിനു ശേഷം യുവാവ് ജയിൽമോചിതനായി. ഉത്തർപ്രദേശിലെ ലളിത്‌പൂർ ജില്ലയിൽ താമസിക്കുന്ന 43കാരൻ വിഷ്ണു തിവാരിയാണ് രണ്ട് പതിറ്റാണ്ടിനു ശേഷം നിരപരാധിയെന്ന് തെളിഞ്ഞത്. അലഹബാദ് ഹൈക്കോടതി നിരപരാധിയെന്ന് വിധിച്ചതിനെ തുടർന്നാണ് ആഗ്ര ജയിലിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചത്.

2000 സെപ്തംബർ 16നാണ് ബലാത്സംഗക്കുറ്റത്തിന് തിവാരി അറസ്റ്റിലാവുന്നത്. വീട്ടിൽ നിന്ന് വയലിലേക്ക് ജോലിക്ക് പോകുന്നതിനിടെ തിവാരി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് ഗ്രാമത്തിലെ ഒരു യുവതി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. മൂന്ന് വർഷങ്ങൾക്കു ശേഷം ലളിത്പൂർ കോടതി ഇയാളെ 10 വർഷം കഠിന തടവിനു വിധിച്ചു. പട്ടികജാതി, പട്ടിക വർഗ നിയമം അനുസരിച്ചും ഇയാൾക്കെതിരെ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവായിരുന്നു ശിക്ഷ. 2003ൽ തിവാരിയെ ആഗ്ര ജയിലിലേക്ക് മാറ്റി. 2005ൽ വിധിക്കെതിരെ അദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.

ബലാത്സംഗം ചെയ്തതിനു മതിയായ തെളിവുകളില്ല എന്നാണ് നിരപരാധിയെന്ന് വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ പ്രസ്താവനയിൽ പറയുന്നത്. യുവതിയുടെ രഹസ്യഭാഗങ്ങളിൽ മുറിവുകളോ ബലപ്രയോഗം നടന്ന അടയാളങ്ങളോ ഇല്ല. യുവതിയിൽ നിന്ന് ബീജത്തിൻ്റെ തെളിവുകൾ കണ്ടെത്തിയില്ല. എഫ് ഐ ആർ സമർപ്പിക്കാൻ മൂന്ന് ദിവസം വൈകി. സാക്ഷികളെ വിസ്തരിച്ചതിലും പാളിച്ചകൾ ഉണ്ടായി എന്നും കോടതി നിരീക്ഷിച്ചു.

ജയിൽമോചിതനായ തിവാരിയെ സ്വീകരിക്കാൻ ആരും എത്തിയില്ല. നിരപരാധി ആയിട്ടും 20 വർഷം ജയിലിൽ കഴിയേണ്ടി വന്നു എന്നും തൻ്റെ കുടുംബവും ശരീരവും തകർന്നു എന്നും തിവാരി പറഞ്ഞു. തനിക്ക് ഒരു അനിയനുണ്ട്. താൻ വിവാഹം കഴിച്ചിട്ടില്ല. ജയിലിലെ ജോലിക്ക് ലഭിച്ച 600 രൂപ ശമ്പളം മാത്രമാണ് തൻ്റെ കയ്യിൽ ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights – UP Man Acquitted Of Rape After 20 Years In Prison

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top