Advertisement

അനിൽ ദേശ്മുഖ് കേസ്; പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി മഹാരാഷ്ട്ര സർക്കാർ

April 9, 2021
Google News 1 minute Read
anil deshmukh case update

അനിൽ ദേശ്മുഖ് കേസിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി മഹാരാഷ്ട്ര സർക്കാർ. അനിൽ ദേശ്മുഖിന് പിന്നാലെ ആക്ഷേപ വിധേയനായ അനിൽ പരബിനോട് മുഖ്യമന്ത്രി രാജിവയ്ക്കാൻ നിർദ്ദേശിയ്ക്കും എന്നാണ് വിവരം. കേസിലെ പ്രാഥമിക അന്വേഷണത്തിനായുള്ള സംഘത്തെ വിപുലികരിച്ച സിബിഐ ഇന്നുമുതൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെ മുതലെടുക്കാൻ ശ്രമങ്ങൾ ശക്തമാക്കിയ ബിജെപി ആകട്ടെ, മുഖ്യമന്ത്രി താക്കറെയെ തന്നെ നേരിട്ട് വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്താനാണ് ഇപ്പോൾ ശ്രമിയ്ക്കുന്നത്.

മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ ബോംബെ ഹൈക്കോടതി സിബിഐയോട് പ്രാഥമിക അന്വേഷണം നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സർക്കാറും അനിൽ ദേശ്മുഖും നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് സുപ്രിം കോടതി ഇന്നലെ വ്യക്തമാക്കിയത്. കേസിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നാണ് ജസ്റ്റിസ് എസ്കെ കൗളിൻ്റെ നിരീക്ഷണം. അനിൽ ദേശ്മുഖിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും മഹാരാഷ്ട്ര സർക്കാറും അനിൽ ദേശ്മുഖും നൽകിയ ഹർജികളിലെ വാദങ്ങൾ അപ്രസക്തമാണെന്നും കോടതി വിമർശിച്ചു.

സുപ്രിം കോടതി വിമർശനം കടുത്ത സമ്മർദ്ദമാണ് മഹാരാഷ്ട്ര സർക്കാരിന് വരുത്തിയിരിയ്ക്കുന്നത്. ഇന്നലെ അർദ്ധരാത്രിയിൽ അടക്കം ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പ്രതിസന്ധി അതിജീവിയ്ക്കാനുള്ള മാർഗ്ഗങ്ങൾ സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ച നടത്തി. ആക്ഷേപ വിധേയരായ മന്ത്രിമാരുടെ രാജി എന്ന പൊതുധാരണ ഇക്കാര്യത്തിൽ രൂപപ്പെട്ടു എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി അനിൽ പരബ് ഉടൻ രാജിവയ്ക്കും.

സുപ്രിം കോടതി കൂടി കേസിൽ പച്ചക്കൊടികാട്ടിയതോടെ കേസിലെ സിബിഐ പ്രാഥമിക അന്വേഷണം ഇന്ന് മുതൽ ഊർജ്ജിതമാക്കും. മുംബൈ സംഘത്തിനൊപ്പം ഡൽഹിയിൽ നിന്നുള്ള എതാനും ഉദ്യോഗസ്ഥർ കൂടി ഇന്ന് പ്രാഥമിക വിവര ശേഖരണത്തിനായി ചേരും.

മറുവശത്ത് ബിജെപി വിഷയത്തിൽ പ്രതിഷേധം രൂക്ഷമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധത്തിനാണ് ഇന്നു മുതൽ പാർട്ടി ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. അതേസമയം കൂടുതൽ മന്ത്രിമാർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട വാസെയുടെ കത്ത് ഉചിത മാർഗത്തിൽ കോടതിക്ക് കൈമാറാനുള്ള നടപടികൾ എൻഐഎ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം സച്ചിൻ വാസെയുടെ കത്ത് കോടതിക്ക് കൈമാറിയിരുന്നെങ്കിലും ചട്ടങ്ങൾ പ്രകാരം കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു.

Story Highlights: anil deshmukh case update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here