കൊവിഡ് രണ്ടാം തരംഗം; ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കൊല്ലം ജില്ല

കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കൊല്ലം ജില്ല. തെരഞ്ഞെടുപ്പിനായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് കമ്മിറ്റികളെ പ്രതിരോധത്തിനായി സജ്ജരാക്കാന്‍ ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് പരിശോധനയുടെയും വാക്‌സിനേഷന്റേയും എണ്ണം കുത്തനെ ഉയര്‍ത്താനും തീരുമാനമുണ്ട്.

ഹാര്‍ബറുകളും ബീച്ചുകളും ഉള്‍പ്പെടെ ആളുകള്‍ കൂടുന്ന കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 26 ലക്ഷത്തിനടുത്ത് ആളുകളുള്ള ജില്ലയില്‍ പരിശോധനയുടെയും വാക്‌സിനേഷന്റേയും എണ്ണം കൂട്ടാനും തീരുമാനമായി. 5000 മുതല്‍ 7000 വരെയായിരുന്നു ദിവസേന ജില്ലയിലെ പരിശോധന. അത് പതിനായിരത്തിലേക്ക് ഉയര്‍ത്താനാണ് പുതിയ തീരുമാനം. ഇതിനായി മൊബൈല്‍ ലാബുകള്‍ അധികമായി സജ്ജീകരിക്കും. വാക്‌സിന്‍ ദിവസേന 20,000 പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച ബൂത്ത് കമ്മിറ്റികള്‍ പിരിച്ചു വിടാതെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top