സിദ്ദിഖ് കാപ്പൻ കൊവിഡ് മുക്തനായി; മെഡിക്കൽ റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ

സുപ്രിംകോടതി നിർദേശ പ്രകാരം മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ചു. സിദ്ദിഖ് കാപ്പൻ കൊവിഡ് മുക്തനായെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മഥുര മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേയ്ക്ക് മാറ്റിയെന്നും സർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി ഇന്നലെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് കാപ്പൻ കൊവിഡ് മുക്തനായെന്ന് ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം നൽകിയത്. സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

സിദ്ദിഖ് കാപ്പൻ ഉത്തർപ്രദേശിലെ മഥുര കെ.എം. മെഡിക്കൽ കോളജിൽ ദുരിതത്തിലാണെന്നും കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിൽസ് മാത്യൂസാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിക്കവെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാൽ സിദ്ദിഖ് കാപ്പനെ കെട്ടിയിട്ടിട്ടില്ലെന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞത്. ഇതോടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രിംകോടതി നിർദേശിക്കുകയായിരുന്നു.

Story highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top