Advertisement

“പരിചിതരായ ഒരാള്‍ക്ക് പോലും ഒരു വെന്റിലേറ്റര്‍ ബെഡ് തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ല, അത്രയേറെ കൊവിഡ് രോഗികളാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞിരുന്നു”: അനുഭവം പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ ഗോപി

May 1, 2021
Google News 2 minutes Read
Arun Gopy's Facebook post about the current Covid Situation in Kerala

അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ് കൊവിഡ് രോഗ വ്യാപനം കേരളത്തിലും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ കേരളത്തിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് അനുഭവ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

കുറിപ്പ് വായിക്കാം

സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ രാത്രി സത്യത്തില്‍ ഉറങ്ങിയിട്ടില്ല… സിനിമ കണ്ടു ഇരിക്കുകയായിരുന്നു, വെളുപ്പിന് ഒരു മണി ആയപ്പോള്‍ സുഹൃത്തും നടനുമായ അന്‍വര്‍ ഷെരീഫിന്റെ കാള്‍… ഈ സമയത്തു ഇങ്ങനെ ഒരു കാള്‍, അത് എന്തോ അപായ സൂചനയാണെന്ന് മനസ്സ് പറഞ്ഞെങ്കിലും… അന്‍വറിനു അതിനുള്ള സാധ്യത ഇല്ലാന്നുള്ളത് കൊണ്ട് സന്തോഷത്തോടെ ഫോണ്‍ എടുത്തു…

മറുതലയ്ക്കല്‍ ഒരു വിറയലോടെ അന്‍വര്‍ സംസാരിച്ചു തുടങ്ങി… ‘ഭായി എന്റെ ഉമ്മയ്ക്കു കൊവിഡ് പോസ്റ്റിവ് ആണ്… തൃശ്ശൂര്‍ ഹോസ്പിറ്റലില്‍ ആണ് ഇപ്പോള്‍. കുറച്ചു സീരിയസ് ആണ് ശ്വാസം എടുക്കാന്‍ പറ്റുന്നില്ല, വെന്റിലേറ്റര്‍ ഉള്ള ഏതെങ്കിലും ഹോസ്പിറ്റലില്‍ പരിചയക്കാരുണ്ടോ… ഒരു വെന്റിലേറ്റര്‍ ബെഡ് എമര്‍ജന്‍സി ആണ്…’ ശ്വാസം കിട്ടാത്ത ഉമ്മയുടെ മകന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു…

ഞാന്‍ ഒന്ന് പരിഭ്രമിച്ചു പോയി. കേരളത്തില്‍ ഇങ്ങനെ വെന്റിലേറ്റര്‍ കിട്ടാന്‍ പ്രയാസമോ.. ഹേയ്…. വളരെ ആത്മവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു താന്‍ പേടിക്കണ്ട ഞാന്‍ ഇപ്പോള്‍ തന്നെ റെഡിയാക്കി തിരിച്ചു വിളിക്കാം.. അപ്പോള്‍ തന്നെ അന്‍വര്‍ പറഞ്ഞു ‘ഭായി അത്ര എളുപ്പമല്ല, എറണാകുളത്തെയും തൃശൂരെയും ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും വിളിച്ചിരുന്നു എങ്ങും തന്നെ ഒഴിവില്ല… ചില സുഹൃത്തുക്കള്‍ വഴി ഹൈബി ഈഡന്‍ എംപിയേയും വിളിച്ചു, പുള്ളി സഹായിക്കാമെന്ന് വാക്ക് തന്നിട്ടുണ്ട് എന്നാലും പരിചയക്കാരെ മുഴുവന്‍ ഒന്ന് വിളിക്കുക, ആര്‍ക്കാ സഹായിക്കാന്‍ പറ്റുക എന്ന് അറിയില്ലല്ലോ…

ഞാന്‍ ഫോണ്‍ വെച്ചു ഉടനെ തന്നെ പ്രിയ സുഹൃത്ത് ഡോ. മനോജ് ജോസഫിനെ വിളിച്ചു കാര്യം പറഞ്ഞു. മനു അദ്ദേഹത്തിന് പരിചയമുള്ള എല്ലാ ഹോസ്പിറ്റലകളിലും അന്വേഷിച്ചു. പക്ഷെ ഒരിടത്തും പോലും വെന്റിലേറ്റര്‍ ബെഡ് ഒഴിവുണ്ടായില്ല…

സത്യത്തില്‍ ഭയം തോന്നി സുരക്ഷിതരെന്ന് നമ്മള്‍ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലന്നുള്ള കൃത്യമായ തിരിച്ചറിവ്.. പരിചിതരായ ഒരാള്‍ക്ക് പോലും ഞങ്ങളെ ഒരു വെന്റിലേറ്റര്‍ ബെഡ് തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ല… കാരണം അത്രയേറെ കൊവിഡ് രോഗികളാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞിരുന്നു. നമ്മുടെ ആതുരസേവനങ്ങള്‍ക്കും പരിധി ഉണ്ട്. അതറിയാം എന്നിരുന്നാലും കുറച്ചുകൂടി കരുതല് ജനങ്ങളാലും സര്‍ക്കാരിനാലും ആവശ്യമുണ്ട്….

പടച്ചോന്‍ കൈവിട്ടില്ല ഒടുവില്‍ ഇന്ന് പകല്‍ 8 മണിക്ക് പട്ടാമ്പിയിലൊരു ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ബെഡ് കിട്ടി… ഉമ്മ നിര്‍വിഘ്നം ശ്വസിക്കുന്നു… കരുതലോടെ നമ്മുക്ക് നമ്മെ കാക്കാം

Story highlights: Arun Gopy’s Facebook post about the current Covid Situation in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here