കോണ്‍ഗ്രസില്‍ തിരക്കിട്ടുള്ള നേതൃമാറ്റം വേണ്ടെന്ന് കെ. സുധാകരന്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണ്ട രീതീയില്‍ ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കുമെന്ന് കെ. സുധാകരന്‍ എംപി. തോല്‍വിയുടെ ഉത്തരവാദിത്തം ആരുടേയും തലയില്‍ പഴിചാരുന്നില്ല. മുല്ലപ്പള്ളി രാജിവയ്ക്കണമെന്ന ആവശ്യം പ്രമുഖ നേതാക്കള്‍ ഉന്നയിക്കുമ്പോഴും തിരക്കിട്ട നേതൃമാറ്റം വേണ്ട എന്നാണ് അഭിപ്രായം. അതിനു സാവകാശമുണ്ട്. തോല്‍വി പാര്‍ട്ടിയും ഹൈക്കമാന്‍ഡും വിലയിരുത്തി തീരുമാനമെടുക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനു ശേഷം മാത്രം ഹൈക്കമാന്‍ഡിലേക്ക് നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതി എന്നുള്ളതാണ് സുധാകരന്റെ നിലപാട്. പ്രചാരണ സമയത്ത് പല കാരണങ്ങളാല്‍ കെപിസിസിയെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും തെരെഞ്ഞുപ്പിലെ കനത്ത തോല്‍വിയില്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.

കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു വരുന്ന പേരുകളില്‍ ഒന്ന് കെ. സുധാകരന്റേതാണ്. കഴിഞ്ഞ ദിവസം കെ സി ജോസഫ് ഉള്‍പ്പടെയുള്ള എ ഗ്രൂപ്പിലെ നേതാക്കള്‍ പറഞ്ഞ പേരും കെ സുധാകരന്റേതായിരുന്നു. കെപിസിസി നേതൃമാറ്റം ഉടനുണ്ടായാല്‍ അത് മുന്നില്‍കണ്ടാണ് കെ സുധാകരന്റെ മയപ്പെടല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top