Advertisement

‘എ.സി റൂമിലിരുന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ പേടിച്ച് അകത്തിരിക്കുന്നവരല്ല’; ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രേഖ. പി. മോള്‍

May 9, 2021
Google News 1 minute Read

ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി സന്നദ്ധ പ്രവര്‍ത്തക രേഖ. പി. മോള്‍. സി.ഐയെ നേരിട്ട് കണ്ട ശേഷമാണ് ആലപ്പുഴ പുന്നപ്ര പൊലീസില്‍ രേഖ പരാതി നല്‍കിയത്. കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്കടിസ്ഥാനം. തന്നെ മാത്രമായിരുന്നു വിമര്‍ശിച്ചതെങ്കില്‍ വിട്ടു കളയുമായിരുന്നുവെന്നും എന്നാല്‍ സ്ത്രീകളെ ആകെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റായതിനാലാണ് നിയമ നടപടി സ്വീകരിച്ചതെന്നും രേഖ ട്വന്റിഫോറിനോട് പറഞ്ഞു.

ഫേസ്ബുക്കില്‍ പോസ്റ്റിടുമ്പോള്‍ അത് കാണുന്നവരില്‍ പല ആളുകളും ഉണ്ടാകും. ഓരോ അമ്മമാരും അവരുടെ പെണ്‍മക്കളെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ക്കൊപ്പം വിടുന്നത് വിശ്വാസം കൊണ്ടാണ്. ഇതുപോലത്തെ പോസ്റ്റുകള്‍ കാണുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് പേടിയുണ്ടാകും. നാളെ തന്റെ മകളും ഇങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരേയും മോശം പരാമര്‍ശം ഉണ്ടാകുമെന്ന് കരുതും. അത്തരത്തില്‍ ഒരുപാട് പ്രതികരണങ്ങള്‍ വന്നു. അമ്മമാരുടെ പ്രതികരണങ്ങള്‍ ഊഹിക്കാവുന്നതാണ്്. മോശം പരാമര്‍ശങ്ങളെ വിട്ടുകളഞ്ഞാല്‍ അത് നാളെയും ആവര്‍ത്തിക്കും. സ്ത്രീകള്‍ മുന്നോട്ടുവരാതിരിക്കാന്‍ അത് കാരണമാകുമെന്നും രേഖ പറഞ്ഞു.

കൊവിഡ് രോഗിയെ സമയോജിതമായി ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ അനുകൂലിച്ചുള്ള പ്രതികരണങ്ങളാണ് അധികവും എത്തിയത്. പ്രതികൂലിച്ച് രംഗത്തെത്തിയ ഒരാള്‍ ശ്രീജിത്ത് പണിക്കരാണ്. എ. സി റൂമിലിരുന്നുള്ള ഇത്തരത്തിലുള്ള കമന്റ് കണ്ടൊന്നും പേടിക്കില്ല. ശക്തമായി തന്നെ മുന്നോട്ടുവരുമെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ പുന്നപ്രയിലെ കൊവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററിലായിരുന്നു സംഭവം നടന്നത്. കൊവിഡ് രോഗിക്ക് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഡിവൈഎഫ്‌ഐ അംഗങ്ങളായ രേഖയും അശ്വിനും അവസരോചിതമായി ഇടപെട്ട് അദ്ദേഹത്തെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. ഇതിനിടെയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക. വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം.ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും’, ഇതായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്.

Story Highlights: covid 19, rekha p mol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here