Advertisement

ചാല തീപിടുത്തം: ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ

June 1, 2021
Google News 1 minute Read
Chala fire godown illegally

തിരുവനന്തപുരം ചാലയിൽ തീപിടുത്തമുണ്ടായ കടയുടെ ഗോഡൌൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ. നഗരസഭയുടെ അനുമതിയില്ലാതെയാണ് മൂന്നാം നില പ്രവർത്തിച്ചതെന്നും സ്റ്റോക്ക് സൂക്ഷിച്ചതെന്നും കണ്ടെത്തി. കടയുടമയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ലോക്ക്ഡൗണിനെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന ചാലയിലെ മഹാദേവ ടോയ്സ് എന്ന കടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ്, നഗരസഭ, പൊലീസ് സംഘങ്ങൾ ഇന്ന് സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. കെട്ടിടത്തിൻറെ രണ്ടാമത്തെ നിലയിലെ കളിപ്പാട്ടങ്ങൾ ഭാഗികമായും മൂന്നാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിന് നഗരസഭയുടെ അനുമതിയുണ്ടായിരുന്നെങ്കിലും മൂന്നാമത്തെ നില പ്രവർത്തിച്ചത് അനധികൃതമായാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തി. ഇവിടെയാണ് പരിധിയിൽ കൂടുതൽ സ്റ്റോക്കുകൾ സൂക്ഷിച്ചിരുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിലയുടെ മധ്യഭാഗത്ത് കാർഡ് ബോർഡിന് മുകളിലും സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഈ ഭാഗത്ത് തീപടരാതിരുന്നതും വൻ അപകടം ഒഴിവായതും. കടയുടമ തിരുവനന്തപുരത്തെത്തിയ ശേഷം മൊഴിയെടുത്ത് പരിശോധന റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് തന്നെയാണോ എന്ന കാര്യത്തിൽ ഇലക്ട്രിക്കൽ വിഭാഗത്തിൻറെ പരിശോധന പൂർത്തിയായാലേ വ്യക്തത വരികയുള്ളുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീപിടുത്തത്തിൽ 20 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Story Highlights: Chala fire: The godown was operating illegally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here