22
Jun 2021
Tuesday

ബംഗാളിൽ സിപിഐഎം- കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷം

പശ്ചിമ ബംഗാളിലെ സിപിഐഎം- കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷം. മുഖ്യമന്ത്രി മമതാ ബാനർജിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് സഖ്യത്തിലെ അനൈക്യം പുറത്തുവന്നത്. സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ മമതാ ബാനർജിയുടെ ചിത്രം പതിപ്പിച്ച് വിതരണം ചെയ്യുന്നതിനെതിരായ സിപിഐഎം വിമർശനം കോൺഗ്രസ് തള്ളി.

തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഇപ്പോൾ കടുത്ത മമതാ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ അധീർ രഞ്ജൻ ചൗധരി ജനവിധിയെ ബഹുമാനിക്കുന്നത് കൊണ്ടാണ് മമതയെ പല കാര്യങ്ങളിലും പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി. നിയമസഭയിലെത്താൻ ജനവിധി തേടി മുഖ്യമന്ത്രി ഇറങ്ങുമ്പോൾ വഴിതടസമുണ്ടാക്കാനും കോൺഗ്രസ് നിൽക്കില്ല. പകരം സാഹചര്യങ്ങൾ സുഗമമാക്കാൻ ഭവാനിപൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം. അതേസമയം കൂടെ നിന്ന കോൺഗ്രസിന്റെ മനംമാറ്റം സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മമതയ്ക്ക് അനുകൂലമായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ സഖ്യത്തിന്റെ ഉദ്ദേശം പോലും പരാജയപ്പെടുത്തുന്നതാണെന്ന് സിപിഐഎം വ്യക്തമാക്കി. കോൺഗ്രസ് ഭവാനിപൂരിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ സിപിഐഎം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ ബംഗാളിൽ മോദിയുടെ ചിത്രത്തിന് പകരം തന്റെ ചിത്രം പതിക്കാനുള്ള മമതയുടെ നീക്കത്തിനെതിരെയും സിപിഐഎം പ്രതിഷേധം തുടരും. മറുവശത്ത് കോൺഗ്രസ് നിലപാടുകളെ പ്രകീർത്തിച്ച് ടിഎംസി, സിപിഐഎം ബിജെപിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്.

Story Highlights: cpim congress split in west bengal

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top