Advertisement

ആക്രമണത്തിന് ഇരയായ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

June 6, 2021
Google News 1 minute Read

ഇടുക്കി മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ദീര്‍ഘനാള്‍ ചികിത്സ തുടരേണ്ടിവരുമെന്നതിനാല്‍ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് പൊലീസ് സംഘടനകളും കുടുംബവും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

ഈ മാസം ഒന്നാം തീയതിയാണ് കൊവിഡ് ഡ്യുട്ടിക്കിടെ സിപിഒ അജീഷ് പോളിന് മര്‍ദനമേറ്റത്. മാസ്‌ക്ക് വെക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മറയൂര്‍ സ്വദേശി സുലൈമാന്‍ അജീഷ് പോളിനെ കല്ലുവെച്ച് തലയ്ക്കടിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അജീഷ് അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ്.

തനിയെ ശ്വസിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ മാറ്റിയിരുന്നു. ഇപ്പോള്‍ ബോധവസ്ഥയിലേക്ക് തിരിച്ചെത്തിയെങ്കിലും വലത് കൈയ്ക്ക് സ്വാധീന കുറവുണ്ട്. തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്തിനാല്‍ ദീര്‍ഘകാലം ചികിത്സ തുടരേണ്ടിവരും. പൊലീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്.

തുടര്‍ന്നുള്ള ചികിത്സയ്ക്ക് ബില്‍ ലഭിക്കുന്ന മുറയ്ക്ക് മുഴുവന്‍ ചെലവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മഹാമാരിയുടെ കാലത്ത് മുന്നണി പോരാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും. അവര്‍ക്ക് ഒപ്പം നില്‍ക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തം ആണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അജീഷിനെ ആക്രമിച്ച പ്രതി സുലൈമാനെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. പ്രതി നിലവില്‍ റിമാന്‍ഡിലാണ്.

Story Highlights: kerala police, covid duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here