കുതിരാൻ തുരങ്കം തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി
തൃശൂർ- പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കാൻ നടപടി. വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ കുതിരാനിൽ സന്ദർശനം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കുന്ന യോഗത്തോടെ തുരങ്കം തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാൻ തുരങ്കത്തിന്റെ കരാർ ഒപ്പിടുമ്പോൾ രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കണമെന്ന നിലപാടിലാണ് സർക്കാർ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കടത്തിനടക്കം ഉപയോഗപ്രദമായ പ്രധാന പാതയാണ് വടക്കാഞ്ചേരി-മണ്ണുത്തി ദേശീയ പാത. ഇതിലെ പ്രധാന ഭാഗമാണ് കുതിരാൻ. ഗതാഗതക്കുരുക്കും അപകടവും ചൂണ്ടിക്കാണിച്ച് നിരന്തരമുണ്ടായ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് തുരങ്കം തുറക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ദേശീയ പാതാ അതോറിറ്റിയുടെ വാദങ്ങൾ മൂലം നീണ്ടുപോകുകയായിരുന്നു
Story Highlights: kuthiran tunnel will open soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here