Advertisement

അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ്​ സംസാരിച്ചത്​; യുവതിയോട് കയര്‍ത്തതിൽ ഖേദം രേഖപ്പെടുത്തി എം സി ജോസഫൈന്‍

June 24, 2021
Google News 1 minute Read

ചാനല്‍ ചര്‍ച്ചക്കിടയില്‍ യുവതിയോട് കയര്‍ത്ത സംഭവത്തിൽ ഖേദം രേപ്പെടുത്തി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍. “സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാന്‍ അസ്വസ്ഥയായിരുന്നു. ചാനലില്‍ നിന്ന് എന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പ്രതികരണം നടത്താമോ എന്ന് ആവശ്യപ്പെട്ടിരുന്നു. തിരക്കുള്ള ദിവസം ആയിരുന്നതിനാലും എനിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാലും ഞാന്‍ ചര്‍ച്ചയ്ക്ക് വരുന്നില്ല എന്ന പറഞ്ഞിരുന്നതാണ്. എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയം ആണെന്നതും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും പറഞ്ഞതോടെ ഞാന്‍ ചാനലിലെ പരിപാടിക്ക് ചെല്ലാം എന്ന് അറിയിക്കുകയായിരുന്നു” – ജോസഫൈന്‍ അറിയിച്ചു.

“എന്നാല്‍ അവിടെ ചെന്ന ശേഷം ആണ് അതൊരു ടെലിഫോണ്‍ വഴി പരാതികേള്‍ക്കുന്ന തരത്തിലാണ് അതിന്റെ ക്രമീകരണം എന്ന് മനസ്സിലായത്. നിരവധി പരാതിക്കാര്‍ ആ പരിപാടിയിലേക്ക് ഫോണ്‍ ചെയ്യുകയുണ്ടായി. ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനി ആയ സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്‌നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആ ഘട്ടത്തില്‍ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.” – ജോസഫൈന്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here