Advertisement

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; നിയമലംഘനം സ്ഥിരീകരിച്ച് കളക്ടര്‍

September 18, 2021
Google News 1 minute Read

അട്ടപ്പാടിയില്‍ സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഒറ്റപ്പാലം സബ് കളക്ടറുള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്തമായി.

അനുമതിയോടെയാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഹോമിയോ മരുന്ന് വിതരണം നടത്തിയതെന്ന എച്ച്ആര്‍ഡിഎസിന്റെ വാദം പൊളിയുന്ന റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചത്. ഒറ്റപ്പാലം സബ് കലക്ടര്‍, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍, ഹോമിയോ ഡിഎംഒ
എന്നിവരുടെ റിപ്പോര്‍ട്ടില്‍ മരുന്നുവിതരണത്തിന് ഒരു അനുമതിയും ഇല്ലെന്ന് വ്യക്തമായി. അട്ടപ്പാടിയില്‍ ഇത്തരം നടപടികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന ഒറ്റപ്പാലം സബ് കളക്ടറുടെ സര്‍ക്കുലര്‍ ലംഘിച്ചാണ് മരുന്നുവിതരണമെന്ന് കണ്ടെത്തലുണ്ട്. എച്ച്ആര്‍ഡിഎസിന്റെ ചട്ടലംഘനവുമായി ബന്ധപ്പെട്ട തുടരന്വേഷണം പൊലീസും ഹോമിയോ വകുപ്പും നടത്തുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.

ആരുടെ നിര്‍ദേശപ്രകാരമാണ് മരുന്ന് വിതരണം ചെയ്തതെന്നും മരുന്നിന്റെ ഗുണമേന്മ സംബന്ധിച്ചും എത്രയാളുകളില്‍ മരുന്ന് എത്തി എന്നതിനെ കുറിച്ചും ഹോമിയോ വകുപ്പ് അന്വേഷണം നടത്തും. ആദിവാസി ഊരുകളില്‍ കടന്നുകയറി അനുമതിയില്ലാതെ മരുന്ന് നല്‍കിയത് ക്രിമിനല്‍ കുറ്റമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊലീസും അന്വേഷിക്കും. മറ്റ് തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

അഗളി, ഷോളയൂര്‍, പൂതൂര്‍ പഞ്ചായത്തുകളില്‍ ആദിവാസി ഊരുകളിലടക്കം അനുമതി വാങ്ങാതെയുള്ള എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണത്തെ കുറിച്ചും ആളുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചതിനെ കുറിച്ചമുള്ള വാര്‍ത്ത പുറത്തെത്തിച്ചത് ട്വന്റിഫോര്‍ ആണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഷോളയൂര്‍ പഞ്ചായത്തും, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നല്‍കിയിരുന്നു.

Story Highlights : attappady medicine distribusion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here