18
Oct 2021
Monday
Covid Updates

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (01-10-2021)

  today’s headlines

  സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

  ലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിധിന മോള്‍ (22) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതി വൈക്കം സ്വദേശിയായ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

  ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിന് തിരിച്ചടി; ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

  ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതിരായാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു

  കൊട്ടാരക്കരയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, കത്തി വീശൽ

  കൊട്ടാരക്കര ചെമ്പൻപൊയ്കയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. അംഗത്വമില്ലാത്ത രണ്ട് പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയായിരുന്നു സംഘർഷം. കയ്യാങ്കളിക്കിടെ ഒരു പ്രവർത്തകർ കത്തിയെടുത്തു. ഇതേ തുടർന്ന് സമ്മേളനം നിർത്തിവച്ചു. 

  എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും; തീരുമാനം ഉടന്‍

  എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്നാണ് സൂചന.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

  പിവി അൻവറിന്റെ റിസോർട്ടിലെ തടയണകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പായില്ല

  പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലുള്ള റിസോർട്ടിലെ തടയണകൾ പൊളിക്കണമെന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പായില്ല. നാല് തടയണകളും പൊളിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ഒരു മാസത്തിനകം പിവിആർ റിസോട്ടിലെ തടയണകൾ പൊളിക്കാനായിരുന്നു ജില്ലാ കളക്ടറിൻ്റെ ഉത്തരവ്

  പേരാവൂരില്‍ ചിട്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്; കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് നിക്ഷേപകര്‍

  കണ്ണൂരില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ-ഓപ്പറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ ചിട്ടി തട്ടിപ്പെന്ന് ആക്ഷേപം. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം

  മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായുള്ള തെരച്ചിൽ തുടരുന്നു

  മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു.

  വിവേചനമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് നിയുക്ത വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി

  സംസ്ഥാനത്ത് പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേല്‍ക്കും.കമ്മിഷനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും പരിഹരിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനമെന്ന് പി സതീദേവി ട്വന്റിഫോറിനോട് പറഞ്ഞു

  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനംമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം.

  പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും

  പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. monson mavunkal എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

  Story Highlights: today’s headlines

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top