ഓസ്ട്രേലിയ-ഇന്ത്യ വനിതാ ടി-20; മൂന്നാം മത്സരം ഇന്ന്

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വനിതാ ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നിൽ നിൽക്കുകയാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ സമനില പിടിച്ചു. ഇന്നത്തെ മത്സരം കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് ടി-20 പരമ്പര അടിയറ വെക്കേണ്ടി വരും. അതുകൊണ്ട് തന്നെ കളി ഏത് വിധേനെയും വിജയിക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. (australia women india t20)
ഓപ്പണർമാരിൽ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. ജമീമ റോഡ്രിഗസിൻ്റെ തിരിച്ചുവരവ് പോസിറ്റീവാണെങ്കിലും ആദ്യ നാല് നമ്പർ കഴിഞ്ഞാൽ സ്കോർ ഉയർത്താൻ കഴിയുന്ന താരങ്ങൾ ഇന്ത്യക്കില്ല. ഓസ്ട്രേലിയയുടെ എട്ടാം നമ്പർ താരങ്ങൾക്ക് വരെ ടി-20യ്ക്ക് അനുസൃതമായി സ്കോർ ചെയ്യാനറിയാം. കഴിഞ്ഞ മത്സരത്തിൽ പൂജ വസ്ട്രാക്കറുടെ ബാറ്റിംഗ് പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകും. ബൗളർമാർ എല്ലാം നന്നായി പന്തെറിയുന്നതുകൊണ്ട് തന്നെ ബാറ്റർമാരുടെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് തലവേദന.
Read Also : വനിതാ ഐപിഎലിനായി വാദിച്ച് ഹർമൻപ്രീത്
ഓപ്പണർമാർ മുതൽ തുടങ്ങുന്ന താരനിരയാണ് ഓസ്ട്രേലിയയുടേത്. ബിഗ് ബാഷ് ലീഗ് പരിചയസമ്പത്തുമായി എത്തുന്ന യുവതാരങ്ങൾ പോലും വളരെ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. കേവലം ഒരു ടി-20 മത്സരം മാത്രം കളിച്ച് പരിചയമുള്ള തഹ്ലിയ മഗ്രാത്താണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയുടെ വിജയശില്പി ആയത്. അതുകൊണ്ട് തന്നെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയെങ്കിലേ ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
കഴിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 119 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 42 റൺസ് നേടിയ തഹ്ലിയ മഗ്രാത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ബെത്ത് മൂണി 34 റൺസെടുത്തു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0നു മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Story Highlights: australia women india t20 3rd match
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!