25
Jan 2022
Tuesday

സിനിമയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞ് നിന്നതാണ്; അതിന് കാരണമുണ്ട്: മനസ് തുറന്ന് ബാബു ആന്റണി

Interview with Babu Antony

Interview with Babu Antony

ബിന്ദിയ മുഹമ്മദ്/ ബാബു ആന്റണി

നീട്ടി വളർത്തിയ മുടി, ഗാംഭീര്യമുള്ള ശബ്ദം, ചടുലമായ ചലനങ്ങൾ, നിൽപ്പിലും നോട്ടത്തിലും സംസാരത്തിലുമെല്ലാം തികഞ്ഞ ആക്ഷൻ സ്റ്റാർ…അതായിരുന്നു ബാബു ആന്റണി…

തൊണ്ണൂറുകളിൽ ബാബു ആന്റണി നായകനോ, നായകന്റെ ടീമം​ഗമോ ആണെന്ന് അറിഞ്ഞാൽ
അന്നത്തെ കുട്ടികൾക്ക് ആശ്വാസമായിരുന്നു..കാരണം ബാബു ആന്റണിയുടെ സ്റ്റണ്ടിന് മുന്നിൽ ഏതൊരു സൂപ്പർ താരവും കുറച്ചൊന്ന് വിയർക്കും..

ഒരുകാലത്ത് വില്ലനായും നായകനായും തിളങ്ങിയ ബാബു ആന്റണി പിന്നീട് സപ്പോർട്ടിം​ഗ് റോളുകളിലേക്ക് ചുരുങ്ങി…സമീപ കാലത്ത് ഇടുക്കി ​ഗോൾഡ്, എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെല്ലാം ചെറുതെങ്കിലും പ്രാധാന്യമേറെയുള്ള കഥാപാത്രങ്ങൾ ചെയ്ത ബാബു ആന്റണി, വീണ്ടും നായക വേഷത്തിൽ തിരിച്ചെത്തുകയാണ്.

പ്രധാന നടനെന്ന നിലയിൽ തിളങ്ങി നിന്ന സമയത്ത് എന്തുകൊണ്ടാണ് രണ്ടാം നിരയിലേക്ക് പോയത് ? ഇതിനുള്ള ഉത്തരം ബാബു ആന്റണി തന്നെ പറയുകയാണ് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട്…

ഒഴിഞ്ഞു മാറിയത് എന്തിന് ?

വിഖ്യാത സംവിധായകൻ ഭരതനാണ് ബാബു ആന്റണിയെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരുന്നത്. ആദ്യ കാലത്ത് വൈശാലി, പൂവിന് പുതിയ പൂന്തെന്നൽ, കാർണിവൽ, കൗരവർ പോലുള്ള വ്യത്യസ്തമായ ചിത്രങ്ങളാണ് ബാബു ആന്റണി എന്ന താരത്തെ തേടിയെത്തിയത്. എന്നാൽ പിന്നീട് വന്നതിലേറെയും ഒരേ സ്വഭാവമുള്ള ചിത്രങ്ങളായിരുന്നു.

‘ലോ ബഡ്ജറ്റ് ചിത്രങ്ങളായിരുന്നു പിന്നീട് വന്നതെല്ലാം. കൈയും കാലും മാത്രം അനങ്ങുന്നതല്ല ആക്ഷൻ. അതിൽ സ്ഫോടനം, ഹെലികോപ്റ്റർ തുടങ്ങി പുത്തൻ പരീക്ഷണങ്ങളും, ദൃശ്യമികവുമെല്ലാം വേണം. അത്തരം നൂതന ആശയങ്ങളൊന്നും വരാതെ ആയി. ലോ ബഡ്ജറ്റ് ആണെങ്കിൽ കൂടി തിരക്കഥ ശക്തമാണെങ്കിലും അഭിനയിക്കും. സിനിമയുടെ ആത്മാവായ തിരക്കഥ ശക്തമല്ലെങ്കിൽ അഭിനയിക്കാൻ സാധിക്കില്ല. എന്നും ഒരേ സ്വഭാവമുള്ള, ഒരേ രീതിയിലുള്ള ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്തിട്ട് കാര്യമില്ല. അങ്ങനെയാണ് പതിയെ സിനിമയിൽ നിന്ന് അൽപം വിട്ട് നിന്ന്, കുറച്ചുകൂടി സെലക്ടീവ് ആയി സിനിമകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.’

ഇന്ത്യയിൽ തന്നെയുള്ള ഒട്ടുമിക്ക എല്ലാ അതുല്യ സംവിധായകർക്കൊപ്പം ബാബു ആന്റണി പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം, രാഘവേന്ദ്ര രാവു, കോതണ്ട രാമറെഡ്ഡി, ​ഗൗതം മേനോൻ തുടങ്ങി നിരവധി പേർ.

സീരിയലിൽ നിന്ന് വന്ന അവസരങ്ങൾ

ബാബു ആന്റണി സിനിമയിൽ തിളങ്ങി നിന്ന കാലത്ത് തന്നെ സീരിയലുകളിൽ നിന്നും താരത്തെ തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. അതിലൊന്നായിരുന്നു ‘കടമറ്റത്ത് കത്തനാർ’ എന്ന സീരിയലിലെ വേഷം. എന്നാൽ സീരിയലുകൾ വേണ്ടന്ന് വയ്ക്കുകയായിരുന്നു ബാബു ആന്റണി. പിൽക്കാലത്ത് ‘കടമറ്റത്ത് കത്തനാർ’ എന്ന സീരിയൽ ഹിറ്റായി. പക്ഷേ ആ ഓഫർ സ്വീകരിക്കാത്തതിൽ തനിക്ക് ഇന്നും കുറ്റബോധമില്ലെന്ന് ബാബു ആന്റണി പറയുന്നു.

Interview with Babu Antony

ഇന്നത്തെ സിനിമ ഇൻഡസ്ട്രി പണത്തിന് പിറകെ…

തൊണ്ണൂറുകളിലെ സിനിമാ സംസ്കാരമല്ല ഇന്നത്തെ സിനിമാ മേഖലയിലെന്ന് ബാബു ആന്റണി പറയുന്നു. ‘സേതുമാധവൻ, ഭരതൻ, ജോഷി, പാച്ചിക്ക (ഫാസിൽ) ഇവരെല്ലാം ക്വാളിറ്റിക്കാണ് പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ഇന്ന് സിനിമ പൂർണമായും ബിസിനസായി മാറി കഴിഞ്ഞു. എത്ര പണം ലഭിക്കും, സാറ്റലൈറ്റ് റൈറ്റ് ആർക്ക് എന്നതൊക്കെയാണ് ചിന്ത. 95-99 ശതമാനം നിർമാതാക്കളും ടേബിൾ പ്രോഫിറ്റ് മാത്രമാണ് നോക്കുന്നത്. ജനങ്ങൾക്ക് ഈ സിനിമ ഇഷ്ടമാകുമോ എന്നതിനെ കുറിച്ച് ആലോചിക്കുന്നതേയില്ല. കച്ചവടം മാത്രമായി സിനമ. അതുകൊണ്ട് തന്നെ മലയാള സിനിമയിൽ നിലവാരത്തകർച്ചയുണ്ട്. അടുത്തിടെ ഒരു സിനിമ പോലും മുഴുവനായി കണ്ടതായി ഓർക്കുന്നില്ല. എല്ലാം ആദ്യ പത്ത് മിനിറ്റ് മാത്രം കണ്ട് ടിവി ഓഫ് ചെയ്ത് വയ്ക്കും. ഞാനും ഒരു പ്രേക്ഷകനാണല്ലോ ? എനിക്കും കാണാൻ തോന്നണ്ടേ ?’ – ബാബു ആന്റണി ചോദിക്കുന്നു.

ബാബു ആന്റണിയുടെ പ്രിയ സിനിമകൾ

വൈശാലി, കൗരവർ, പൂവിന് പുതിയ പൂന്തെന്നൽ, ഉത്തമൻ, ദാദാ, കായംകുളം കൊച്ചുണ്ണി എന്നിവയാണ് പെട്ടെന്ന് ഓർക്കാൻ കഴിയുന്ന ചില പ്രിയപ്പെട്ട ചിത്രങ്ങളെന്ന് ബാബു ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു.

മലയാള സിനിമയും ഒടിടിയും

സിനിമകൾ ഒടിടി റിലീസ് ചെയ്യുന്നതിനോട് എതിർപ്പുള്ള വ്യക്തിയല്ല ബാബു ആന്റണി. തീയറ്റർ അനുഭവം ആവശ്യമില്ലാത്ത ചില ചിത്രങ്ങളുണ്ട്. അവ ഒടിടിയിൽ ഇറങ്ങുന്നതിനോട് വിയോജിപ്പില്ലെന്ന് താരം പറയുന്നു. എന്നാൽ സിനിമ തീയറ്ററിന് വേണ്ടിയുള്ളതാണെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് ബാബു ആന്റണി.

‘നമ്മുടെ എത്ര ശതമാനം ആളുകൾക്ക് നെറ്റ്ഫ്ളിക്സ് പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളുണ്ട് ? നമ്മുടെ നാട്ടിൽ ഇന്നും ​ഗ്രാമങ്ങളും അവിടെ മനുഷ്യരുമുണ്ട്. അവർ ആശ്രയിക്കുന്നത് തീയറ്ററിനെ തന്നെയാണ്. ഇവിടെ 20 ശതമാനം പേർക്ക് പോലും ഒടിടി സബ്സ്ക്രിപ്ഷൻ ഉണ്ടെന്ന് കരുതുന്നില്ല.’

ഒടിടി ചിത്രങ്ങളുമായി നിരവധി പേർ തന്നെ സമീപിച്ചിരുന്നുവെന്ന് ബാബു ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു.

‘ഒന്നര കോടി തരാം. സാർ അഭിനയിച്ചാൽ മതി. മൂന്നര കോടിക്ക് സിനിമ തീർക്കും. ഒടിടിയിൽ ഇട്ടാൽ പണവും കിട്ടും. പിന്നെ സാർ എന്തിന് പേടിക്കണമെന്നാണ് അവർ ചോദിച്ചത്. കഥ മോശമായ, പണത്തിന് വേണ്ടി മാത്രം നിർമിക്കപ്പെടുന്ന ആ ചിത്രങ്ങളോടെല്ലാം ഞാൻ നോ പറഞ്ഞു’.

സിനിമകൾ ഹാഫ് റിയലിസ്റ്റിക് എങ്കിലും ആകണമെന്ന പക്ഷക്കാരനാണ് ബാബു ആന്റണി. ഉയർന്ന ടിക്കറ്റ് നിരക്കും ജനങ്ങളെ തീയറ്ററിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ടെന്ന് ബാബു ആന്റണി പറയുന്നു. ‘കിടന്ന് കാണുന്ന സീറ്റുകളൊന്നും തീയറ്ററുകളിൽ ആവശ്യമില്ല. നല്ല സൗകര്യത്തോടെ സിനിമ ആസ്വദിക്കാൻ കഴിയണം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തീയറ്ററുകൾ ന​ഗരങ്ങളിലാണ് വേണ്ടത്. ചെറു പട്ടണങ്ങളിലും ​ഗ്രാമങ്ങളിലുമെല്ലാം ജനങ്ങൾക്ക് കൂടി താങ്ങാൻ കഴിയുന്ന നിരക്കിൽ വേണം തീയറ്ററുകൾ പ്രവർത്തിക്കാൻ. എന്നാൽ മാത്രമേ സിനിമാ വ്യവസായം മുന്നോട്ട് പോകൂ’.

മോണോ ആക്ട് ചെയ്യുന്ന ഹീറോ സങ്കൽപം പൊളിച്ചെഴുതണം…

സ്ത്രീയും പുരുഷനും തുല്യരാണെന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ബാബു ആന്റണി. പണ്ടുകാലത്തെ സിനിമകളിൽ സ്ത്രീകൾക്ക് നല്ല പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ 10-15 വർഷമായി മലയാള സിനിമകൾ പുരുഷ കേന്ദ്രീകൃതമാകുന്നുവെന്ന അഭിപ്രായക്കാരനാണ് താരം.
‘മോണോ ആക്ടിൽ എനിക്ക് വിശ്വാസം ഇല്ല. നായകൻ തന്നെ എല്ലാം ചെയ്യും. അതാണ് കുറച്ച് കാലമായി കാണുന്നത്. ഒരു സിനിമയിൽ എല്ലാവർക്കും തുല്യ പ്രാധാന്യം വേണം. മറ്റ് അഭിനേതാക്കൾക്കും കഥാപാത്രങ്ങൾക്കും സിനിമയിൽ അവരവരുടേതായ സ്ഥാനം വേണം’.

Interview with Babu Antony

സംവിധായക സ്വപ്നം

പിയാനോ ആർട്ടിസ്റ്റുമായി ബന്ധപ്പെട്ട സിനിമ സംവിധാനം ചെയ്യണമെന്ന സ്വപ്നമുണ്ടായിരുന്നു ബാബു ആന്റണിക്ക്. എന്നാൽ നിലവിലെ സിനിമാ രീതികളോട് താരത്തിന് യോജിച്ച് പോവാൻ കഴിയാതിരുന്നതിനാൽ ആ പ്രൊജക്ട് താത്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു. ഇന്ന് ആരാണ് നായകൻ എന്നാണ് ആദ്യമേ തീരുമാനിക്കേണ്ടതെന്ന് ബാബു ആന്റണി പറയുന്നു. എന്നാൽ തനിക്ക് അത് സാധിക്കില്ല. ആദ്യം കഥ, പിന്നീട് തിരക്കഥ. അതിന് ശേഷം മാത്രമേ കാസ്റ്റിം​ഗിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുള്ളുവെന്നും ആ പഴയ രീതിയിൽ നിന്ന് അണുവിട വ്യതിചലിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബാബു ആന്റണി വ്യക്തമാക്കി. ‘എന്റെ ചിത്രങ്ങളാണ് ഏറ്റവും മികച്ച സിനിമകളെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ലഭിച്ച കഥാപാത്രങ്ങളെല്ലാം മികവുറ്റതാക്കാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്.’- ബാബു ആന്റണി പറഞ്ഞു.

വീണ്ടും കത്തനാരായി…നായക വേഷത്തിൽ.. ഒരു നിയോ​ഗം പോലെ

വീണ്ടും നായകനായി എത്തുന്നതിന്റെ സന്തോഷം ബാബു ആന്റണി ട്വന്റിഫോറുമായി പങ്കുവച്ചു. ഡെന്നിസ് ജോസഫ് തിരക്കഥി എഴുതി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ ആണ് ആദ്യം കമ്മിറ്റ് ചെയ്ത ചിത്രമെങ്കിലും തീയറ്ററിൽ ഇറങ്ങുക കടമറ്റത്ത് കത്തനാർ ആയിരിക്കും.

ടി.എസ് സുരേഷ് ബാബുവാണ് കടമറ്റത്ത് കത്താനാർ എന്ന ചിത്രത്തിന്റെ സംവിധായകൻ. ടി.എസ് സുരേഷ് ബാബുവുമായി ബാബു ആന്റണിക്ക് വർഷങ്ങളുടെ ആത്മബന്ധമുണ്ട്. ചിത്രത്തെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ സുരേഷ് ബാബുവിന്റെ മനസിൽ തെളിഞ്ഞത് ബാബു ആന്റണിയുടെ മുഖമാണ്. സുരേഷ് ബാബുവിനോടുള്ള അടുപ്പവും നല്ലൊരു തിരക്കഥയും ഒത്തുചേർന്നപ്പോൾ ബാബു ആന്റണി ആ ചിത്രത്തോട് യെസ് പറയുകയായിരുന്നു.

‘എനിക്ക് ഏഴോ എട്ടോ വയസുള്ളപ്പോഴാണ് ആദ്യമായി കടമറ്റത്ത് കത്തനാരെ കുറിച്ച് അറിയുന്നത്. നാടക രൂപത്തിലാണ് അന്ന് ആ കഥ കണ്ടത്. പിന്നീടുള്ള രാത്രികളിലൊന്നും ഉറങ്ങാൻ കഴിഞ്ഞില്ല. അത്രമേൽ പേടിപ്പെടുത്തുന്നതായിരുന്നു നാടകം. പേടിച്ചിട്ട് ഉറങ്ങാൻ കഴിയാതിരുന്നതിനാൽ രാത്രിയാകുമ്പോൾ അപ്പൻ തോളത്തിട്ടാണ് എന്നെ ഉറക്കിയിരിക്കുന്നത് ‘ – ബാബു ആന്റണി ഓർക്കുന്നു.

ഏറെ ദൃശ്യവിസ്മയങ്ങൾ ഒളിപ്പിച്ച് 3ഡി രൂപത്തിലെത്തുന്ന കടമറ്റത്ത് കത്താനാരായി സ്ക്രീനിൽ എത്തുന്നതിന്റെ ആവേശം ബാബു ആന്റണിയുടെ വാക്കുകളിലുണ്ട്.

……ഒരു പക്ഷേ അതൊരു നിയോ​ഗമായിരിക്കാം. അന്ന് ഹിറ്റ് സീരിയലിനോട് നോ പറഞ്ഞെങ്കിലും വീണ്ടും അതേ കഥാപാത്രം തന്നെ ബാബു ആന്റണിയെ തേടിയെത്തിയിരിക്കുകയാണ്.

അമേരിക്കയിലേക്ക് ‘​ഗ്രേറ്റ് എസ്കേപ്പ്’

പൊൻകുന്നമാണ് ബാബു ആന്റണിയുടെ സ്വദേശം. നാട്ടിലെ സിനിമാ തിരക്കുകളിൽ നിന്ന് മാറി യുഎസിലെ ഹൂസ്റ്റണിലാണ് ഇപ്പോൾ താമസം. വർഷങ്ങളായി ഹൂസറ്റണിലെ സ്ഥിരതാമസക്കാരാണ് ബാബു ആന്റണിയും കുടുംബവും.

മക്കളായ ആർതറിനും (16) അലക്സിനും (11) അച്ഛന്റെ സിനിമകൾ കാണുമ്പോൾ കൗതുകമാണ്. ഇരുവർക്കും അഭിനയത്തോട് താത്പര്യമുണ്ട്. അമേരിക്കയിൽ തന്നെ ചിത്രീകരിച്ച ​ഗ്രേറ്റ് എസ്കേപ്പ് എന്ന സിനിമയിൽ ബാബു ആന്റണിയും ഭാര്യയും മക്കളും അഭിനയിച്ചിട്ടുണ്ട്.

മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ ആണ് ബാബു ആന്റണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. 2022 ൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

ക്രിസ്മസിന് പ്രണയത്തിന്റെ മധുരം….

ക്രിസ്മസ് ബാബു ആന്റണിക്ക് ഇരട്ടി മധുരം നൽകുന്ന ഓർമയാണ്. കാരണം രണ്ട് പതിറ്റാണ്ട് മുൻപ് ഇങ്ങനെയൊരു ക്രിസ്മസ് കാലത്താണ് ബാബു ആന്റണി ഭാര്യ എവ്ജീനിയയെ ആദ്യമായി കാണുന്നത്.

Interview with Babu Antony

ഡിസംബർ 24ന് ഒരു ഫാമിലി ഫങ്ഷനിലാണ് റഷ്യൻ അമേരിക്കൻ വംശജയായ എവ്ജീനിയയെ കണ്ടുമുട്ടുന്നത്. പിയാനോ വായിക്കുകയായിരുന്നു എവ്ജീനിയ. പിന്നിൽ നിന്നാണ് ആദ്യം കണ്ടത്. പിന്നീട് അടുത്ത് ചെന്ന് പരിചയപ്പെട്ടു. പരിചയം പതിയെ സൗഹൃദമായി. അത് പ്രണയത്തിലേക്ക് വഴി മാറി. അങ്ങനെ ക്രിസ്മസ് കാലത്ത് തുടങ്ങിയ പ്രണയം മറ്റൊരു പുതുവർഷത്തിൽ വിവാഹത്തിലേക്കെത്തി. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം.

Interview with Babu Antony

ഓരോ ക്രിസ്മസും അതുകൊണ്ട് തന്നെ ഈ കുടുംബത്തിന് അത്രമേൽ പ്രിയപ്പെട്ടതാണ്. തിരുപ്പിറവിയുടെ ഓർമയ്ക്കൊപ്പം ദൈവ നിയോ​ഗം പോലെ തങ്ങൾ ഒന്നിച്ചതിന്റെ ഓർമ കൂടിയാണ് ഇവർക്ക് ക്രിസ്മസ് നാളുകൾ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top