Advertisement

ധോണിക്ക് ലഭിച്ചതുപോലെ മറ്റാർക്കും പിന്തുണ ലഭിച്ചിട്ടില്ല; ആരോപണവുമായി ഹർഭജൻ

January 1, 2022
Google News 1 minute Read

എംഎസ് ധോണിയെ പിന്തുണച്ചതുപോലെ ബിസിസിഐ മറ്റാരെയും പിന്തുണച്ചിട്ടില്ല എന്ന ആരോപണവുമായി ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിംഗ്. ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ മറ്റ് താരങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ അവർ നന്നായി കളിച്ചേനെ എന്നും ഹർഭജൻ പറഞ്ഞു. സീ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ്റെ ആരോപണം.

“ധോണിക്ക് മറ്റുള്ളവരെക്കാൾ പിന്തുണ ലഭിച്ചിരുന്നു. മറ്റു താരങ്ങൾക്ക് ഇതുപോലെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ അവരും നന്നായി കളിച്ചേനെ. പെട്ടെന്ന് പന്തെറിയാൻ മറന്നതുപോലെയോ ബാറ്റ് വീശാൻ മറന്നുപോയതുപോലെയോ ആയിരുന്നില്ല അത്.”- ഹർഭജൻ പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 24നാണ് ഹർഭജൻ വിരമിക്കൽ പ്രഖ്യാപിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർ അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലിൽ ഹർഭജൻ സജീവമായിരുന്നു.

1998ൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹർഭജൻ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവർ ഓർഡർ ബാറ്റർ കൂടിയായ ഹർഭജൻ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റിൽ 2224 റൺസും നേടിയിട്ടുണ്ട്. 236 ഏകദിന മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളിൽ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഐപിഎൽ ടീമുകളിലും കളിച്ച ഭാജി 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകളാണ് നേടിയത്.

Story Highlights : harbhajan singh bcci ms dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here