Advertisement

‘എന്ന് ചെല്ലുമ്പോഴും ആഴ്ചകൾ കഴിഞ്ഞ് വരാൻ പറയും’ : ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിയുടെ മകൻ

February 4, 2022
Google News 2 minutes Read
sajeev family about suicide

ഭൂമി തരംമാറ്റുന്നതിന് സർക്കാർ ഓഫിസുകളെ സമീപിക്കുമ്പോഴെല്ലാം പിന്നീട് വരാൻ പറഞ്ഞ് സജീവനെ മടക്കി അയക്കുകയായിരുന്നുവെന്ന് മകൻ ട്വന്റിഫോറിനോട്. ( sajeev family about suicide )

മകന്റെ വാക്കുകൾ : ‘ചെല്ലുമ്പോൾ പറഞ്ഞിരുന്നത് രണ്ടാഴ്ച കഴിഞ്ഞ് വരാനും, ഒരു മാസം കഴിഞ്ഞ് വരാനുമാണ് പറയുന്നത്. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥരെയൊക്കെ അവിടെ നിന്ന് സ്ഥലം മാറ്റി പുതിയ ഉദ്യോഗസ്ഥർ വന്നിരുന്നു. അപ്പോഴാണ് 25 സെന്റിന് താഴെയുള്ള സൗജന്യമായി ഭൂമി തരം മാറ്റി നൽകുമെന്ന് അറിഞ്ഞത്. അച്ഛൻ വീണ്ടും അപേക്ഷ കൊടുത്തു. രണ്ടാമത് അപേക്ഷ വച്ചിട്ടും നടപടികളുണ്ടായില്ല. ഈ മാസം നടക്കില്ല എന്നൊക്കെ പറയും’.

കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഓഫിസിൽ പോയി വന്നപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മകൻ ട്വന്റിഫോറിനോട് പറഞ്ഞു. അന്ന് എന്തോ മനോവിഷമം ഉണ്ടായിട്ടുണ്ട്. അത് പക്ഷേ ആരോടും പറഞ്ഞിട്ടില്ല. അച്ഛന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അമർഷവും വിഷമവും എഴുതിയിരിക്കുന്നത്.

Read Also : സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത മത്സ്യത്തൊഴിലാളി മനംനൊന്ത് ആത്മഹത്യ ചെയ്തു

സജീവൻ വിഷമങ്ങളൊന്നും കുടുംബവുമായി പങ്കുവച്ചിരുന്നില്ലെന്ന് മകൾ ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് പറവൂരിൽ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തുവെന്ന വാർത്ത പുറത്തുവരുന്നത്. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്താണ് ആത്മഹത്യ. ബാങ്ക് വായ്പ ലഭിക്കുന്നതിനായി ഭൂമി തരം മാറ്റി കിട്ടാൻ അപേക്ഷ നൽകിയ സജീവനെ കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ സർക്കാർ ഓഫിസുകൾ വട്ടം കറക്കുകയായിരുന്നു. ആധാരത്തിൽ ‘നിലം’ എന്നുള്ള 5 സെന്റ് ഭൂമി പുരയിടം ആക്കാനാണ് സജീവൻ ഓഫിസുകൾ കയറിയിറങ്ങിയത്.

ബുധനാഴ്ച ആർഡിഒ ഓഫിസിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ച് ഇറക്കി വിട്ടതായി ബന്ധുക്കൾ പറയുന്നു. ഉദ്യോഗസ്ഥർക്കും സർക്കാരിനും എതിരെ കത്തെഴുതി വച്ചാണ് ആത്മഹത്യ. ഭരണ സംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് കാരണം എന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു.

Story Highlights : sajeev family about suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here