Advertisement

സലയെ വീഴ്ത്തി മാനെ; ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്

February 7, 2022
Google News 1 minute Read

ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്. ഏഴ് വട്ടം ചാമ്പ്യൻമാരായ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സെനഗൽ കിരീടത്തിൽ മുത്തമിട്ടത്. മത്സരത്തിൻ്റെ നിശ്ചിത സമയത്തും അധിക സമയത്തും ഗോളുകൾ വീഴാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മാനെയുടെ സെനഗൽ കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിൽ ഒരുമിച്ച് കളിക്കുന്ന മുഹമ്മദ് സലയും സാദിയോ മാനെയും നേർക്കുനേർ പോരാടിയ മത്സരമായിരുന്നു ഇത്. ഏഴാം മിനിട്ടിൽ തന്നെ സെനഗലിന് പെനാൽറ്റി ലഭിച്ചു. മാനെയുടെ കിക്ക് ഈജിപ്ഷ്യൻ ഗോളി അബു ഗബാൽ തടുത്തിട്ടു. തുടർന്നും സെനഗൽ തന്നെയാണ് മത്സരത്തിൽ മുന്നിട്ടുനിന്നത്. പലപ്പോഴും അബു ഗബാലിൻ്റെ ചോരാത്ത കൈകളാണ് മാനെയെയും സംഘത്തെയും തടഞ്ഞുനിർത്തിയത്. നിശ്ചിത സമയവും അധിക സമയവും കടന്ന് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ഷൂട്ടൗട്ടിൽ ഈജിപ്തിൻ്റെ രണ്ടാം കിക്കും സെനഗലിൻ്റെ മൂന്നാം കിക്കും ഗോളായില്ല. നാലാമത്തെ കിക്കിൽ വീണ്ടും ഈജിപ്തിനു പിഴച്ചു. അഞ്ചാം കിക്കെടുത്ത മാനെ ലക്ഷ്യം കണ്ട് സെനഗലിനു കിരീടം സമ്മാനിച്ചു. ഈജിപ്തിനായി സലയാണ് അഞ്ചാം കിക്കെടുക്കാൻ നിന്നത്. സെനഗൽ ജയം ഉറപ്പിച്ചതിനാൽ സല ഈ കിക്ക് എടുത്തില്ല. 2002 നേഷൻസ് കപ്പ് ഫൈനലിൽ കാമറൂണിനെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തി കിരീടം നഷ്ടമായ സെനഗളീസ് താരം അലിയോ സിസെ ഇത്തവണ അവരുടെ പരിശീലകനായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം സിസെയ്ക്ക് ഏറെ പ്രത്യേകതയുള്ളതാണ്.

Story Highlights: african nations cup senegal won egypt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here