Advertisement

‘തീവ്രവാദികള്‍ക്കായി ഹൃദയം തുടിക്കുന്നവര്‍ക്കൊപ്പം നില്‍ക്കരുത്’; സമാജ്‌വാദി പാര്‍ട്ടിക്കെതിരെ പ്രധാനമന്ത്രി

February 27, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വോട്ടെടുപ്പിന്റെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റേയും ചൂടില്‍ ഉത്തര്‍പ്രദേശ് തിളച്ചുമറിയുന്ന പശ്ചാത്തലത്തില്‍ പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ്‌വാദി പാര്‍ട്ടിക്കാരുടെ ഹൃദയം തുടിക്കുന്നത് തീവ്രവാദികള്‍ക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ബോംബ് സ്‌ഫോടകരെ പിന്തുണയ്ക്കുന്നയ്ക്കുന്നവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ പങ്കെടുക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകളില്‍ പോലും കമ്മീഷന്‍ വാങ്ങാന്‍ മനസുള്ളവര്‍ക്കും ധീരസൈനികരെ വിലവെക്കാത്തവര്‍ക്കും രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണവേളയിലായിരുന്നു മോദി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുനേരെ ആഞ്ഞടിച്ചത്. ആറാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ക്രിമിനല്‍ കുറ്റങ്ങളില്‍ നടപടി നേരിടുന്നവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കണ്ടെത്തിയിട്ടുണ്ട്.

Read Also : യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചവരെ പോളിംഗ് 25 %

സമാജ്വാദി പാര്‍ട്ടിക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ആരോപിച്ചിരുന്നു. അഖിലേഷിന്റെ ഭരണത്തില്‍ യുപിയില്‍ 200 കലാപങ്ങള്‍ നടന്നിട്ടുണ്ടെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കീഴില്‍ 5 വര്‍ഷത്തിനിടെ യുപിയില്‍ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്നും നദ്ദ പറഞ്ഞിരുന്നു. നാട്ടില്‍ സമാധാനമുണ്ടാകണമെങ്കില്‍ ജനങ്ങള്‍ അഖിലേഷിനേയും മറ്റ് സമാജ് വാദി പാര്‍ട്ടി നേതാക്കളേയും വീട്ടിലിരുത്തേണ്ടത് അത്യാവശ്യമാണെന്ന് നദ്ദ ആഞ്ഞടിച്ചു. സന്ത് കബീര്‍നഗര്‍, കുശിനഗര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാഫിയ രാജ് ഉത്തര്‍പ്രദേശില്‍ വളരണമെന്നാണോ തകര്‍ക്കപ്പെടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജനങ്ങളോട് ചോദിച്ചുകൊണ്ടാണ് നദ്ദ പ്രസംഗം ആരംഭിച്ചിരുന്നത്. സമാജ്‌വാദി പാര്‍ട്ടിക്കാരെ ഗുണ്ടകള്‍ എന്ന് വിളിച്ചാല്‍ കുറഞ്ഞുപോകുമെന്നും തീവ്രവാദികളുമായാണ് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗുണ്ടകളെ അകമഴിഞ്ഞ് സംരക്ഷിക്കുക എന്നതാണ് സമാജ് വാദി പാര്‍ട്ടിയുടെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഹമ്മദാബാദ് ബോബ് സ്‌ഫോടനത്തില്‍ 38 ആളുകളാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് സെയ്ഫ് എന്നയാള്‍ക്കെതിരെ ഉള്‍പ്പെടെ ശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഇയാളുടെ അച്ഛന്‍ ഒരു സമാജ് വാദി പാര്‍ട്ടി നേതാവാണ്. അഖിലേഷ് യാദവുമായി കെട്ടുപ്പുണര്‍ന്ന് നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് ആ നേതാവിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലുള്ളത്. നിരവധി തീവ്രവാദികളുമായി സമാജ് വാദി പാര്‍ട്ടിക്ക് ബന്ധമുണ്ട്’. നദ്ദ വിമര്‍ശിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെയും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും വികസന പദ്ധതികളെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണെന്നും നദ്ദ ഇന്നലെ വിമര്‍ശിക്കുകയായിരുന്നു.

അതേസമയം ഉത്തര്‍പ്രദേശിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യയടക്കം നിര്‍ണ്ണായക മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുകയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. രാവിലെ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കാണുണ്ടായത്.

അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ 12 മണിയോടെ പോളിംഗ് ശതമാനം ഇരുപത് കഴിഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു.

എന്നാല്‍ കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നാണ് ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് നേതാവും റാംപൂര്‍ ഖാസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Story Highlights: narendra modi slams samajwadi party amid election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement