Advertisement

റഷ്യന്‍ സൈനിക ട്രക്കുകള്‍ ചാമ്പലാക്കി തുര്‍ക്കിയുടെ ആളില്ലാ ഡ്രോണുകള്‍; ‘ബെറാക്തര്‍’ യുക്രൈനിന്റെ വജ്രായുധം

February 28, 2022
Google News 1 minute Read

റഷ്യന്‍ സൈനിക ട്രക്കുകള്‍ ചാമ്പലാക്കി തുര്‍ക്കിയുടെ ആളില്ലാ ഡ്രോണുകള്‍. തുര്‍ക്കിയില്‍ നിന്നും വാങ്ങിയ ബെറാക്തര്‍ ടിബി 2 ഡ്രോണുകളാണ് റഷ്യന്‍ സൈനികരുടെ മുന്നേറ്റം തടയാന്‍ യുക്രൈന്‍ പ്രയോഗിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യന്‍ സൈനികരുടെ വാഹനവ്യൂഹം കത്തിചാമ്പലായി കിടക്കുന്ന വീഡിയോ ദൃശ്യങ്ങളും യുക്രൈന്‍ പുറത്തുവിട്ടു. വാഹനങ്ങള്‍ അഗ്‌നിഗോളമായി മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അങ്കാറയിലെ യുക്രൈന്‍ എംബസിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാഹനവ്യൂഹങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതിന്റെ മോണിട്ടര്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരനിരയായി നീങ്ങുന്ന വാഹന വ്യൂഹങ്ങളും അതിന് മേലേക്ക് പതിക്കുന്ന ബോംബും തുടര്‍ന്ന് വലിയ പൊട്ടിത്തെറിയുണ്ടാകുന്നതുമായ ദൃശ്യങ്ങളാണിത്. കീവിന്റെ വടക്ക് പടിഞ്ഞാറ് 100 കിലോമീറ്ററോളം മാറിയുളള മാലിന്‍ ടൗണില്‍ റഷ്യന്‍ സേനാ മുന്നേറ്റം തടയാനാണ് ഡ്രോണുകള്‍ ഉപയോഗിച്ചതെന്ന് യുക്രൈന്‍ സേന സ്ഥിരീകരിച്ചു.

റഷ്യയുടെ സേനാമുന്നേറ്റം ചെറുക്കാന്‍ നിര്‍ണായകമായ രണ്ട് അവസരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചതായി യുക്രൈന്‍ വ്യോമസേനാ മേധാവി ലഫ്. ജനറല്‍ മികോല ഒലെഷ്ചുക് പറഞ്ഞു. ഒരു ഡസനോളം വരുന്ന സേനാവാഹനവ്യൂഹത്തിന്റെ മുന്നേറ്റം തകര്‍ക്കാനായിരുന്നു ഒരു തവണ ഉപോയഗിച്ചത്. കിഴക്കന്‍ യുക്രൈനിലെ ചെര്‍ണോബൈക്കയിലും പ്രയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ പോരാട്ടം നടന്ന മേഖലയാണിത്.

കഴിഞ്ഞ വര്‍ഷമാണ് യുക്രൈന്‍ തുര്‍ക്കിയില്‍ നിന്ന് ബേറാക്തര്‍ ടിബി2 ഡ്രോണുകള്‍ വാങ്ങിയത്. ലോകത്തിലെ ഏറ്റവും അത്യാധുനികമായ സായുധ ഡ്രോണുകളില്‍ ഒന്നാണിത്. 150 കിലോ ആയുധങ്ങള്‍ വരെ വഹിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. രാത്രിയും പകലും ഓപ്പറേറ്റ് ചെയ്യാനാകും. 27,030 അടി വരെ ഉയരത്തില്‍ 24 മണിക്കൂറിലധികം പറന്ന റെക്കോഡും ബെറാക്തറിനുണ്ട്. 185 മൈലുകള്‍ക്ക് അപ്പുറത്ത് നിന്നും ഈ ഡ്രോണുകള്‍ നിയന്ത്രിക്കാനാകുമെന്നതും യുദ്ധമുഖത്ത് ഇതിന്റെ പ്രിയം കൂട്ടുന്നു. ലിബിയയിലും സിറിയയിലും ഉള്‍പ്പെടെ നടന്ന യുദ്ധങ്ങളില്‍ കരുത്ത് തെളിയിച്ചതാണ് ബെറാക്തര്‍ ഡ്രോണുകള്‍.

Story Highlights: Turkey-made drones helping fight against Russia: Ukrainian envoy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here