Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (03-03-2022)

March 3, 2022
Google News 2 minutes Read
march 3 news round up

ക്വാഡ് ഉച്ചകോടി ഇന്ന്; ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും ( march 3 news round up )

യുക്രൈൻ-റഷ്യ യുദ്ധത്തിനിടെ ക്വാഡ് ഉച്ചകോടി ഇന്ന്. ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രൈൻ-റഷ്യ വിഷയം ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ . ഓസ്‌ട്രേലിയയും ജപ്പാനും യുഎസും യുക്രൈനിലെ നടപടികളുടെ പേരിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ യുദ്ധം; 10 ലക്ഷം കടന്ന് അഭയാര്‍ത്ഥികള്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭ.
യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ അധിനിവേശം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥിപ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയല്‍ രാജ്യമായ പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ല; വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യുക്രൈൻ ഇന്ത്യക്കാരെ ബന്ദികളാക്കി മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണം.

യുക്രൈനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്

യുക്രൈനിൽ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദേശം നൽകി.

യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തലവന്‍ വ്ളാദിമിര്‍ മെഡിന്‍സ്‌കി അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍ യുക്രൈന്‍ വ്യക്തമാക്കുന്നത്. സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

റഷ്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം പാസാക്കി

റഷ്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം പാസാക്കി. യുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യന്‍ നിലപാടിനെതിരെ 141 രാജ്യങ്ങള്‍ വോട്ട് ചെയ്തു. പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈന, പാക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടെ 35 രാഷ്ട്രങ്ങളും വിട്ടുനിന്നു. ബെലാറസ്, എറിത്രിയ, ഉത്തര കൊറിയ, സിറിയ, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.

Story Highlights: march 3 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here