Advertisement

രഞ്ജി ട്രോഫി: തന്ത്രങ്ങൾ പാളി കേരളം; മധ്യപ്രദേശ് ശക്തമായ നിലയിൽ

March 3, 2022
Google News 1 minute Read

രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന നിലയിലാണ് മധ്യപ്രദേശ്. യാഷ് ദുബേ (105 നോട്ടൗട്ട്), രജത് പാട്ടിദാർ (75 നോട്ടൗട്ട്) എന്നീ താരങ്ങളാണ് മധ്യപ്രദേശിനായി തിളങ്ങിയത്. ഈ മത്സരത്തിൽ വിജയിക്കുകയോ അല്ലെങ്കിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടുകയോ ചെയ്തെങ്കിൽ മാത്രമേ കേരളത്തിന് അടുത്ത ഘട്ടത്തിൽ കളിക്കാൻ സാധിക്കൂ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മധ്യപ്രദേശിന് ഓപ്പണർമാരായ ഹിമാൻശു മൻട്രി (23), ശുഭം ശർമ്മ (11) എന്നിവരെ വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ പാട്ടിദാറും ദുബേയും ഉറച്ചുനിന്നു. 130 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് സഖ്യം മൂന്നാം വിക്കറ്റിൽ ഇതുവരെ പടുത്തുയർത്തിയത്. കഴിഞ്ഞ മത്സരത്തിൽ നിറംമങ്ങിയ കൗമാര പേസർ ഏദൻ ആപ്പിൾ ടോമിനെ കരയ്ക്കിരുത്തി ബേസിൽ എൻപിയെ കേരളം ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പേസർമാർക്കൊന്നും കേരളത്തിനായി വിക്കറ്റ് നേടാനായില്ല. സ്പിന്നർമാരായ ജലജ് സക്സേനയും സിജോമോൻ ജോസഫുമാണ് മധ്യപ്രദേശിൻ്റെ വിക്കറ്റുകൾ വീഴ്ത്തിയത്. 3 ദിവസം കൂടി അവശേഷിക്കെ രണ്ടാം ദിവസമായ നാളെ എത്രയും വേഗം മധ്യപ്രദേശിനെ പുറത്താക്കിയെങ്കിൽ മാത്രമേ കേരളത്തിന് മത്സരത്തിൽ എന്തെങ്കിലും സാധ്യത ഉണ്ടാവൂ.

ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീം മാത്രമാണ് അടുത്ത റൗണ്ട് കളിക്കുക. നിലവിൽ മധ്യപ്രദേശിനും കേരളത്തിനും 13 പോയിൻ്റുകൾ വീതമുണ്ടെങ്കിലും മികച്ച റൺ നിരക്കിൽ മധ്യപ്രദേശാണ് ഒന്നാമത്. ഈ കളി വിജയിക്കുന്ന ടീം ആവും അടുത്ത റൗണ്ടിലേക്ക് മുന്നേറുക. ആദ്യ ഇന്നിംഗ്സ് ലീഡ് നേടി മത്സരം സമനില ആയാലും അടുത്ത റൗണ്ടിലെത്താം.

ആദ്യ മത്സരത്തിൽ മേഘാലയക്കെതിരെ ഇന്നിംഗ്സ് ജയം കുറിച്ച കേരളം രണ്ടാം മത്സരത്തിൽ ഗുജറാത്തിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി.

Story Highlights: ranji trophy madhya pradesh kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here