Advertisement

ബെലാറസിലും റഷ്യന്‍ പ്രതിരോധ മേഖലയിലും പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

March 3, 2022
Google News 2 minutes Read

ബെലാറസിലും റഷ്യന്‍ പ്രതിരോധ മേഖലയിലും പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. യുക്രൈനെതിരായ റഷ്യന്‍ യുദ്ധത്തെ പിന്തുണക്കുന്ന ബെലാറസ് നിലപാടിനെ തുടര്‍ന്നാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ബെലാറസില്‍ നിന്നുള്ള സാങ്കേതിക ഉത്പന്നങ്ങളുടെ ഇറക്കുമതിയ്ക്കാണ്‌ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ബെലാറസിനെ ശ്വാസമുട്ടിക്കുന്നതാണ് ഉപരോധമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. റഷ്യയുടെ പ്രതിരോധമേഖലയെ ലക്ഷ്യമിട്ട് റഷ്യന്‍ ആയുധ വികസനവും ഉത്പാദനവും നടത്തുന്ന കമ്പിനികളില്‍ നിന്ന് ഉയര്‍ന്ന തുക ഈടാക്കാനും തീരുമാനിച്ചു.

അതേസമയം, റഷ്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം പാസാക്കി. യുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യന്‍ നിലപാടിനെതിരെ 141 രാജ്യങ്ങള്‍ വോട്ട് ചെയ്തു. പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈന, പാക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടെ 35 രാഷ്ട്രങ്ങളും വിട്ടുനിന്നു. ബെലാറസ്, എറിത്രിയ, ഉത്തര കൊറിയ, സിറിയ, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.

അതിനിടെ യുദ്ധത്തില്‍ തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് റഷ്യ. 1597 സൈനികര്‍ക്ക് പരുക്കേറ്റെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.
അധിനിവേശം തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് മോസ്‌കോ അപകടത്തില്‍പ്പെട്ടവരുടെ കണക്ക് പുറത്തുവിടുന്നത്. 2,870ഓളം യുക്രേനിയന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഏഴാം ദിവസം കടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 2000 സാധാരണക്കാര്‍ കൊല്ലപ്പെട്ട വിവരം യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ടിരുന്നു. ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും യുക്രൈന്‍ ആരോപിച്ചു. യുക്രൈന്‍ സൈനികരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവനുകള്‍ ഓരോ മണിക്കൂറിലും തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്നും എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

സമ്പൂര്‍ണ നാശവും ഉന്മൂലനവും കൂട്ടക്കൊലയും യുക്രൈന്‍ ജനതയ്ക്കെതിരായി റഷ്യ ചെയ്യുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് യുക്രൈന്‍ പറഞ്ഞു. ഇതിന് യുക്രൈന് മാപ്പ് നല്‍കാന്‍ കഴിയില്ലെന്നും എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. തെക്കന്‍ യുക്രൈനിയന്‍ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സായുധ സേന പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുമുണ്ട്.

ഖേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു.

ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story Highlights: US announces new sanctions on Belarus, Russian defence sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here